കണ്ണൂരില്‍ കോവിഡ് സ്ഥിരീകരിച്ച സിഐഎസ്എഫ് ജവാന്മാരുടെ എണ്ണം 50 ആയി

കണ്ണൂരില്‍ 26 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതില്‍ 23 പേരും സി.ഐ.എസ്.എഫ് ജവാന്മാരാണ്. ഇതോടെ കണ്ണൂരില്‍ ആകെ രോഗം ബാധിച്ച സി.ഐ.എസ്.എഫുകാരുടെ എണ്ണം 50 ആയി. കൂത്തുപറമ്പ് വലിയവെളിച്ചത്തെ സി.ഐ.എസ്.എഫ് ബാരക് അടച്ചു.

കണ്ണൂര്‍ വിമാനനത്താവളത്തിലെ 23 സി.ഐ.എസ്.എഫ് ജവാന്മാര്‍ക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്. ഇതില്‍ ഏഴ് പേര്‍ മലയാളികളാണ്. ഇതോടെ കണ്ണൂരില്‍ ആകെ രോഗം ബാധിച്ച സി.ഐ.എസ്.എഫ് ജവാന്മാരുടെ എണ്ണം 50 ആയി. രോഗികളുടെ എണ്ണം വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ വലിയ വെളിച്ചത്തെ സി.ഐ.എസ്.എഫ് ബാരക് താത്ക്കാലികമായി അടച്ചു. ഇവിടെ നിരീക്ഷണത്തില്‍ കഴിയുന്നവരെ മറ്റൊരു കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്. 178 ജവാന്മാരാണ് ഈ ബാരക്കില്‍ ഉളളത്.

എന്നാല്‍ സി.ഐ.എസ്.എഫ് ജവാന്മാര്‍ക്ക് രോഗം ബാധിച്ചത് വിമാനത്താവളത്തിന്‍റെ പ്രവര്‍ത്തനത്തെ ബാധിക്കില്ലന്ന് കിയാല്‍ അധികൃതര്‍ പറഞ്ഞു. കണ്ണൂരില്‍ രോഗം വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ ഒരു മുതിര്‍ന്ന ഓഫീസറെ കണ്ണൂരിലേക്ക് അയക്കുമെന്ന് സി.ഐ.എസ്.എഫ് ഡയറക്ടര്‍ ജനറല്‍ അറിയിച്ചു. വിദേശത്ത് നിന്നെത്തിയ മൂന്ന് പേര്‍ക്കും ജില്ലയില്‍ പുതിയതായി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ ജില്ലയില്‍ ആകെ ചികിത്സയിലുളളവരുടെ എണ്ണം 187 ആയി. ജില്ലയിലെ 12 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെക്കൂടി പുതിയതായി ഹോട്ട് സ്പോട്ട് പരിധിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *