കഞ്ഞികുഴി സഹകരണ ബാങ്ക് ക്രമക്കേട്; സി.പി.എമ്മിലെ ഉന്നത നേതാക്കൾക്കും പങ്കെന്ന് കോൺഗ്രസ്

ഇടുക്കി കഞ്ഞികുഴി സഹകരണ ബാങ്കിലെ ക്രമക്കേടിൽ സി.പി.എമ്മിലെ ഉന്നത നേതാക്കൾക്കും പങ്കുണ്ടെന്ന് കോൺഗ്രസ്. ക്രമക്കേട് നടത്തിയവർക്കെതിരെ അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു‌. 2019ലെ ഓഡിറ്റിങ്ങിലാണ് വൻ ക്രമക്കേട് കണ്ടെത്തിയത്. സി.പി.എം അധീനതയിലുള്ള കഞ്ഞികുഴി സഹകരണ ബാങ്കിൽ 2018-2019 കാലയളവിൽ മാനദണ്ഡങ്ങൾ ലംഘിച്ച് വൻതുക വായ്പ നൽകിയതായാണ് ഓഡിറ്റ് റിപ്പോർട്ട്. മതിപ്പ് വില കുറഞ്ഞ സ്ഥലങ്ങൾക്ക് അനുവദനീയമായതിലും കൂടുതൽ വായ്പ നൽകി, ബാങ്കിന്റെ പ്രവർത്തന മേഖലയ്ക്ക് പുറത്തുള്ള സ്ഥലങ്ങൾക്കും വായ്പ അനുവദിച്ചു തുടങ്ങിയവയാണ് ഓഡിറ്റിംഗിലെ പ്രധാന കണ്ടെത്തലുകൾ.എന്നാൽ റിപ്പോർട്ട്‌ പുറത്ത് വന്ന് രണ്ടുവർഷം പിന്നിട്ടിട്ടും ഇതുവരെ ഭരണസമിതിക്കെതിരെ യാതൊരു നടപടിയും സ്വീകരിച്ചിട്ടിലെന്ന് കോൺഗ്രസ്‌ ആരോപിക്കുന്നു. തട്ടിപ്പിന് കൂട്ടുനിന്ന ജില്ലയിലെ പല സി.പി.എം നേതാക്കളുടെയും അക്കൗണ്ടിലേക്ക് കണക്കില്ലാത്ത പണം എത്തിയതായും ആരോപണമുണ്ട്. ബാങ്കിലെ മുൻ സെക്രട്ടറിയുടെ ആത്മഹത്യ ക്രമക്കേട് നടത്തിയ നേതാക്കളുടെ സമ്മർദ്ദം മൂലമാണെന്നും കോൺഗ്രസ്‌ പറയുന്നു. ഓഡിറ്റ് റിപ്പോർട്ടിൽ പരാമർശിച്ച പ്രശ്നങ്ങൾ പരിഹരിച്ചെന്നും, അതിന് ശേഷം സഹകരണ വിഭാഗം നടത്തിയ പരിശോധനയിൽ ക്രമക്കേടുകൾ ഇല്ലെന്ന് കണ്ടെത്തിയെന്നുമാണ് ഭരണസമിതിയുടെ വിശദീകരണം. എന്നാൽ സി.പി.എം ഇടപെട്ട് കേസ് അട്ടിമറിക്കുകയാണെന്നും, സാമ്പത്തിക ക്രമക്കേട് വിജിലൻസ് അന്വേഷിക്കണമെന്നുമാണ് കോൺഗ്രസ് ആവശ്യപ്പെടുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *