ഓണനാളുകള്‍ ആഘോഷമാക്കാന്‍ സര്‍ക്കാര്‍ വക ഇളവുകള്‍; സംസ്ഥാനത്തിനുള്ളിലും പുറത്തേക്കും തടസമില്ലാതെ യാത്ര ചെയ്യാം

കോവിഡ് നിയന്ത്രണങ്ങള്‍ക്കിടയിലും ഓണനാളുകള്‍ ആഘോഷമാക്കാന്‍ സര്‍ക്കാര്‍ വക ഇളവുകള്‍. ബന്ധുക്കളെ കാണാന്‍ സംസ്ഥാനത്തിനുള്ളിലും പുറത്തേക്കും തടസമില്ലാതെ യാത്ര ചെയ്യാം. ജില്ലാ നിയന്ത്രണമില്ലാതെ ബസ് സര്‍വീസുണ്ടാകും. എല്ലാ ചെക്ക്‌പോസ്റ്റുകളിലൂടെയും യാത്രാവാഹനങ്ങള്‍ക്കു കടന്നുവരാം.

മറുനാട്ടുകാര്‍ മലയാളികള്‍ക്കായി നട്ടുനനച്ച തോട്ടങ്ങളില്‍നിന്നുള്ള പുഷ്പങ്ങളിറുത്ത് പൂക്കളങ്ങള്‍ ഭംഗിയാക്കാം. മദ്യം വാങ്ങാനുള്ള നിയന്ത്രണങ്ങളിലും ഇളവുണ്ട്. സ്വകാര്യ, ടൂറിസ്റ്റ്, സ്‌കൂള്‍ ബസുകളുടെ നികുതി ഒഴിവാക്കണമെന്ന നിര്‍ദേശം അംഗീകരിച്ച്‌ അവര്‍ക്കും സര്‍ക്കാരിന്റെ ഓണസമ്മാനം. ഇനി ആഘോഷം തുടങ്ങാം. ഒന്നു മറക്കരുത്, ജാഗ്രതയ്ക്കു ജീവന്റെ വിലയുണ്ട്.
ജില്ലകള്‍ കടന്നും പൊതുഗതാഗതം

അടുത്ത ബുധനാഴ്ച വരെ എല്ലാ ജില്ലകളിലേക്കും പൊതു ഗതാഗത വാഹനങ്ങള്‍ക്കു യാത്രാനുമതി. രാവിലെ ആറു മുതല്‍ രാത്രി പത്തു വരെയാണ് ജില്ലകള്‍ കടന്നുള്ള യാത്രയാകാം. ഇപ്പോള്‍ തൊട്ടടുത്ത ജില്ലകളിലേക്കു മാത്രമേ ബസ് സര്‍വീസിന് അനുമതിയുള്ളൂ. കെ.എസ്.ആര്‍.ടി.സിക്കുള്‍പ്പെടെ ദീര്‍ഘദൂര ബസ് സര്‍വീസുകള്‍ നടത്താം.

മദ്യം: സമയവും ടോക്കണും കൂട്ടി

ബെവ്ക്യു ആപ്പിലൂടെ ബിവറേജസ് കോര്‍പ്പറേഷന്റെയും കണ്‍സ്യൂമര്‍ ഫെഡിന്റെയും വില്‍പ്പനശാലകളില്‍ ഇരട്ടി ടോക്കണുകള്‍. നിലവില്‍ 400 ടോക്കണാണു നല്‍കുന്നത്. ഈ ഔട്ട്‌ലെറ്റുകള്‍ രാവിലെ ഒമ്ബതു മുതല്‍ െവെകിട്ട് ഏഴുവരെ പ്രവര്‍ത്തിക്കും. ബാറുകളുടെ പ്രവര്‍ത്തനസമയം നീട്ടിയിട്ടില്ല, അവ െവെകിട്ട് അഞ്ചിന് അടയ്ക്കണം.

ബെവ്ക്യു ആപ്പ് മുഖേന ഒരിക്കല്‍ മദ്യം ബുക്ക് ചെയ്യുന്നവര്‍ക്ക് മൂന്നു ദിവസം കഴിഞ്ഞേ വീണ്ടും ബുക്ക് ചെയ്യാനാകൂ എന്ന വ്യവസ്ഥ ഒഴിവാക്കും. ഓണം പ്രമാണിച്ച്‌ തിരക്ക് കൂടുന്നതു കണക്കിലെടുത്താണു തീരുമാനം. ബാറുകളില്‍ അനധികൃത വില്‍പ്പന തടയാന്‍ നടപടിയുണ്ടാകും. അനുവദിക്കുന്ന ടോക്കണിന് ആനുപാതികമായാണു ബാറുകളില്‍ മദ്യം വില്‍ക്കുന്നതെന്ന് ഉറപ്പാക്കും.

ചെക്ക്‌പോസ്റ്റ് നിയന്ത്രണം നീക്കി

അന്തര്‍ സംസ്ഥാന യാത്രകള്‍ക്കു നിയന്ത്രണങ്ങള്‍ അരുതെന്ന കേന്ദ്ര സര്‍ക്കാര്‍ ഉത്തരവനുസരിച്ച്‌ മറ്റു സംസ്ഥാനങ്ങളില്‍നിന്ന് വയനാട് വഴി കേരളത്തിലേക്കു കടക്കാനുള്ള നിയന്ത്രണങ്ങള്‍ നീക്കി. ഇന്നു മുതല്‍ എല്ലാ ചെക്ക്‌പോസ്റ്റുകളിലൂടെയും യാത്രാ വാഹനങ്ങള്‍ക്കും അനുമതി. കോവിഡ് പ്രതിരോധത്തിനായി ചെക്ക്‌പോസ്റ്റുകളില്‍ അധികമായി നിയോഗിച്ചിരുന്ന ജീവനക്കാരുടെ എണ്ണം കുറച്ചു. നിലവില്‍ കര്‍ണാടകയില്‍നിന്നു വയനാട്ടിലേക്കു മുത്തങ്ങ വഴി മാത്രമാണു യാത്രാവാഹനങ്ങള്‍ക്കു കടക്കാവുന്നത്.

തമിഴ്‌നാട്, കര്‍ണാടക അതിര്‍ത്തികളിലെ മറ്റു ചെക്ക്‌പോസ്റ്റുകളിലൂടെ ചരക്കുവാഹനങ്ങള്‍ക്കു മാത്രമായിരുന്നു അനുമതി. ഇന്നുമുതല്‍ എല്ലാ ചെക്ക്‌പോസ്റ്റുകളിലൂടെയും യാത്രക്കാര്‍ക്ക് വയനാട്ടിലേക്കു പ്രവേശിക്കാം. യാത്രക്കാര്‍ കോവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നു പോലീസ് ഉറപ്പാക്കും. മറ്റു തടസങ്ങളുണ്ടാകില്ല.

പൂക്കളങ്ങളിലേക്ക് മറുനാടന്‍ പൂക്കള്‍

മറ്റു സംസ്ഥാനങ്ങളില്‍നിന്നു പൂക്കള്‍ കൊണ്ടുവരുന്നതിനുള്ള വിലക്ക് നീക്കി. ഇതര സംസ്ഥാനങ്ങളില്‍നിന്നുള്ള കച്ചവടക്കാര്‍ക്കും പൂക്കള്‍ വില്‍ക്കാം. കോവിഡ് പ്രൊട്ടോക്കോള്‍ കര്‍ശനമായും പാലിക്കണം. പൂക്കള്‍ കൊണ്ടു വരുന്ന കുട്ടയും മറ്റും ഉപയോഗത്തിനു ശേഷം നശിപ്പിക്കണം. വില്‍പ്പനയ്ക്കിരിക്കുമ്ബോള്‍ ശാരീരിക അകലമടക്കമുള്ള നിയന്ത്രണം പാലിക്കണം. പരമാവധി കാഷ്‌ലെസ് സംവിധാനം ഒരുക്കണം. പച്ചക്കറിക്കും മറ്റുമില്ലാത്ത വിലക്ക് പൂക്കള്‍ക്കെന്തിന് എന്ന വിമര്‍ശനം കണക്കിലെടുത്താണു സര്‍ക്കാര്‍ തീരുമാനം മാറ്റിയത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *