ഓഖി ദുരന്തം:സര്‍ക്കാര്‍ വാക്കുപാലിച്ചില്ലെന്ന് സൂസെപാക്യം

തിരുവനന്തപുരം: ഓഖി ദുരന്തത്തില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി ലത്തീന്‍ കത്തോലിക്കാ സഭ. സര്‍ക്കാര്‍ നല്‍കിയ വാക്കുപാലിച്ചില്ലെന്ന് ആര്‍ച്ച്‌ ബിഷപ്പ് മാര്‍ സൂസൈപാക്യം പറഞ്ഞു. 49 കുടുംബങ്ങള്‍ക്ക് മാത്രമാണ് സര്‍ക്കാര്‍ സഹായം ലഭിച്ചത്. ദുരന്തത്തില്‍ തമിഴ്‌നാട് സ്വീകരിച്ച നടപടികള്‍ മാതൃകപരമാണ്. ദുരന്തം നടന്നിട്ട് നാലു മാസം പിന്നിടുമ്പോഴും തീരദേശം വറുതിയില്‍ തന്നെയാണെന്നും മാര്‍ സൂസൈപാക്യം പറയുന്നു.

സമയബന്ധിതമായി തീര്‍ക്കാന്‍ സര്‍ക്കാര്‍ മുന്നോട്ടുവരുമെന്ന് പ്രതീക്ഷ. ഇതിനായി സര്‍ക്കാരിനെ സമീപിക്കും. മത്സ്യത്തൊഴിലാളികളുടെ ഒരുപാട് യാനങ്ങള്‍ പോയിട്ടുണ്ട്. എഞ്ചിന്‍, കട്ടമരം, ബോട്ട്, പ്ലൈവുഡ് എന്നിവയുടെ നഷ്ടം സംബന്ധിച്ച്‌ സഭയ്ക്ക് കൃത്യമായ കണക്കുണ്ട്. 60 കോടി രൂപ നഷ്ടം വന്നിട്ടുണ്ട്. അത് പൂര്‍ണ്ണമായും പരിഹരിക്കാന്‍ സഭയ്ക്ക് കഴിയില്ല. യാനങ്ങള്‍ പോയവര്‍ക്ക് സഭ 30,000 രൂപ വീതം നല്‍കി. 290 പേര്‍ക്ക് അടിയന്തര സഹായമായി 30,000 രൂപ വീതം നല്‍കി. ചികിത്സയില്‍ കഴിയുന്നവര്‍ക്കും അത്യാവശ്യ സഹായം നല്‍കി.

ജനങ്ങള്‍ പട്ടിണി കിടക്കാതെ കഴിയാനുള്ള സഹായം നല്‍കാന്‍ കഴിഞ്ഞു. വിവാഹ പ്രായമായി നില്‍ക്കുന്ന യുവതി യുവാക്കളുടെ വിവാഹം നടത്തുന്നതിനും സഭ അടിയന്തര സഹായം നല്‍കിയിട്ടുണ്ടെന്നും സൂസൈപാക്യം പറഞ്ഞു.

സമാനതകളിലില്ലാത്ത ദുരന്തമാണ് നടന്നിരിക്കുന്നതെന്ന് പറഞ്ഞ മുഖ്യമന്ത്രിയുടെ വാക്കുകള്‍ തങ്ങള്‍ വിശ്വസിച്ചു. എന്നാല്‍ ഭരണ സംവിധാനങ്ങളുടെ കെടുകാര്യസ്ഥതയ്ക്കാണ് തങ്ങള്‍ ഇരയായിരിക്കുന്നതെന്നും സഭ കുറ്റപ്പെടുത്തി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *