ഒടുവില്‍ ധനമന്ത്രിയും സമ്മതിച്ചു മാന്ദ്യമുണ്ട്

രാജ്യത്ത് സാമ്ബത്തികമാന്ദ്യമുണ്ടെന്ന് ഒടുവില്‍ ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിയും സമ്മതിച്ചു. മാന്ദ്യം നേരിടാന്‍ കേന്ദ്ര സര്‍ക്കാര്‍ ഉടന്‍ നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.പ്രധാനമന്ത്രിയുമായി ചര്‍ച്ചചെയ്തശേഷം പ്രഖ്യാപനമുണ്ടാകും. രാജ്യത്തിന്റെ വളര്‍ച്ചനിരക്ക് ഉയര്‍ത്തുന്നതിനുള്ള നടപടി സര്‍ക്കാര്‍ സ്വീകരിക്കുമെന്നും ജെയ്റ്റ്ലി പറഞ്ഞു. മന്ത്രിസഭാ യോഗത്തിനുശേഷം മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
രാജ്യത്തിന്റെ വളര്‍ച്ചനിരക്ക് 5.7 ശതമാനമായി കൂപ്പുകുത്തിയിരുന്നു. മൂന്നുവര്‍ഷത്തിനിടെ രേഖപ്പെടുത്തിയ ഏറ്റവുംകുറഞ്ഞ നിരക്കാണിത്. ഈ പശ്ചാത്തലത്തിലാണ് സര്‍ക്കാരിന്റെ അടിയന്തര ഇടപെടല്‍. സാമ്ബത്തികരംഗത്തുണ്ടാകുന്ന ഓരോ ചലനവും സര്‍ക്കാര്‍ വിലയിരുത്തുമെന്നും ധനമന്ത്രി പറഞ്ഞു. അടിയന്തരമായി ആവശ്യമുള്ള നടപടികള്‍ സ്വീകരിക്കും. ധനകാര്യ ഉദ്യോഗസ്ഥരുമായി ഇക്കാര്യത്തില്‍ ചര്‍ച്ചനടത്തുന്നുണ്ട്.പ്രശ്നങ്ങള്‍ പരിഹരിക്കുന്ന സര്‍ക്കാരാണ് നിലവിലുള്ളത്. സാമ്ബത്തിക പരിഷ്കരണ നടപടികളുമായി മുന്നോട്ടുപോകുമെന്നും മന്ത്രി പറഞ്ഞു. സാമ്ബത്തികരംഗത്തെ പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്യാന്‍ കഴിഞ്ഞ ദിവസം കേന്ദ്ര ധനമന്ത്രി ഉന്നതതല യോഗം വിളിച്ചിരുന്നു. മന്ത്രിമാരായ സുരേഷ് പ്രഭു, പിയൂഷ് ഗോയല്‍, നീതി ആയോഗ് വൈസ് ചെയര്‍മാന്‍ രാജീവ് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ഇടതും കോണ്‍ഗ്രസും ഭരിക്കുന്ന സംസ്ഥാനങ്ങള്‍ എണ്ണത്തീരുവ കുറയ്ക്കട്ടെ
ന്യൂഡല്‍ഹി: പൊതുനിക്ഷേപം കൂട്ടാന്‍ എക്സൈസ് തീരുവയുടെ വര്‍ധന അനിവാര്യമാണെന്നും എണ്ണവില വര്‍ധന നേരിടാന്‍ സംസ്ഥാനങ്ങള്‍ നടപടി സ്വീകരിക്കാത്തതെന്തെന്നും അരുണ്‍ ജെയ്റ്റ്ലി.
എണ്ണ ഉത്പന്നങ്ങളുടെ എക്സൈസ് തീരുവ വിഹിതം സംസ്ഥാനങ്ങള്‍ക്കും ലഭിക്കുന്നുണ്ട്. സംസ്ഥാനങ്ങള്‍ക്ക് ഈ തീരുവ വേണ്ടെന്നുവയ്ക്കാം. എന്നാല്‍, അവര്‍ അതുചെയ്യുന്നില്ല. ഇടതുപാര്‍ട്ടികളും കോണ്‍ഗ്രസും ഭരിക്കുന്ന സംസ്ഥാന സര്‍ക്കാരുകള്‍ തീരുവ കുറയ്ക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. മന്ത്രിസഭാ തീരുമാനങ്ങള്‍ വിശദീകരിച്ചുകൊണ്ട് നടത്തിയ വാര്‍ത്താ സമ്മേളനത്തിനിടയിലാണ് പ്രതികരണം.
അമേരിക്കയിലെ ചുഴലിക്കാറ്റുമൂലം എണ്ണ സംസ്കരണത്തില്‍ ചില പ്രതിസന്ധികളുണ്ടായിട്ടുണ്ട്. അത് താത്കാലികമാണെന്ന് കരുതുന്നു. മണ്‍സൂണ്‍കാലത്ത് പച്ചക്കറിവിലവര്‍ധന സ്വാഭാവികമാണെന്ന് മന്ത്രി പറഞ്ഞു. നാണ്യപ്പെരുപ്പം ഇരട്ട അക്കത്തില്‍ നിന്നപ്പോള്‍ മൗനം പാലിച്ചവരാണ് നാണ്യപ്പെരുപ്പം കുറഞ്ഞപ്പോള്‍ നിലവിളിക്കുന്നതെന്നും മന്ത്രി കുറ്റപ്പെടുത്തി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *