ഐ.പി.എല്ലില്‍ നിന്ന് പിന്മാറി ടൈറ്റില്‍ സ്‌പോണ്‍സര്‍ വിവോ; ആശങ്കയില്‍ ബി.സി.സി.ഐ

ന്യൂഡല്‍ഹി: അടുത്ത മാസം യു.എ.ഇയില്‍ ആരംഭിക്കുന്ന ഐ.പി.എല്‍ ട്വന്റി20 ക്രിക്കറ്റിന്റെ സ്‌പോണ്‍സര്‍ഷിപ്പില്‍ നിന്ന് പിന്മാറി ടൈറ്റില്‍ സ്‌പോണ്‍സറായ വിവോ. പ്രമുഖ ചൈനീസ് മൊബൈല്‍ കമ്ബനിയാണ് വിവോ. ഐ.പി.എല്ലില്‍ നിന്ന് ചൈനീസ് സ്‌പോണ്‍സര്‍മാരെ വിലക്കേണ്ടതില്ലെന്ന് ഞായറാഴ്ച ചേര്‍ന്ന ഐ.പി.എല്‍ ഗവേണിംഗ് കൗണ്‍സില്‍ തീരുമാനിച്ചിരുന്നു.

ഈ തീരുമാനത്തിനെതിരെ സമൂഹമാദ്ധ്യമങ്ങളില്‍ ഉള്‍പ്പെടെ പ്രതിഷേധം കടുത്തതിനു പിന്നാലെയാണ് വിവോയുടെ പിന്മാറ്റം എന്നാണ് റിപ്പോര്‍ട്ടുകള്‍. 2018ല്‍ 2199 കോടി രൂപ നല്‍കിയാണ് വിവോ അഞ്ച് വര്‍ഷത്തേയ്ക്ക് ഐ.പി.എല്‍ സ്‌പോണ്‍സര്‍ഷിപ്പ് ഏറ്റെടുത്തത്. എല്ലാ സീസണിലും ഏകദേശം 440 കോടി രൂപയാണ് വിവോ ബി.സി.സി.ഐക്ക് നല്‍കുന്നത്. വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ തല്‍ക്കാലം ഒരു വര്‍ഷത്തേയ്‌ക്കെങ്കിലും മാറി നില്‍ക്കാനാണ് വിവോ ആലോചിക്കുന്നതെന്നാണ് സൂചന. ഇക്കാര്യം ബി.സി.സി.ഐയെയും ടീം ഫ്രഞ്ചൈസികളെയും അറിയിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

അതിര്‍ത്തിയിലെ ഇന്ത്യ-ചൈന സംഘര്‍ഷത്തിനു പിന്നാലെ രാജ്യത്തുടനീളം ചൈനീസ് കമ്ബനികള്‍ക്കും സാധനങ്ങള്‍ക്കുമെതിരെ കടുത്ത വികാരമാണ് നിലനില്‍ക്കുന്നത്. ജൂണ്‍ 29ന് 59 ചൈനീസ് ആപ്പുകള്‍ക്ക് കേന്ദ്ര ഐ.ടി മന്ത്രാലയം ഇന്ത്യയില്‍ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഐ.പി.എല്ലില്‍ നിന്നുള്‍പ്പെടെ ചൈനീസ് സ്‌പോണ്‍സര്‍മാരെ നീക്കണമെന്ന ആവശ്യവും ഉയര്‍ന്നത്. യുഎഇയില്‍ സെപ്റ്റംബര്‍ 19നാണ് ഐപിഎല്‍ മത്സരങ്ങള്‍ തുടങ്ങുന്നത്. പ്രധാന സ്‌പോണ്‍സര്‍ പിന്മാറുന്നത് ബി.സി.സി.ഐക്ക് തലവേദനയായേകും.

താരങ്ങള്‍ക്ക് പ്രതിഫലം നല്‍കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങളെ ഇതു ബാധിക്കും. പകുതി തുകയ്ക്ക് മറ്റൊരു സ്‌പോണ്‍സറെ കണ്ടെത്തുകയായിരിക്കും ബി.സി.സി.ഐയുടെ മുന്‍പിലെ ഏക മാര്‍ഗം. നവംബര്‍ 10നാണ് ഐ.പി.എല്‍ ഫൈനല്‍. അബുദാബി, ദുബായ്, ഷാര്‍ജ എന്നിവിടങ്ങളില്‍ മാത്രമാകും മത്സരങ്ങള്‍. രാജ്യാന്തര ക്രിക്കറ്റില്‍ നടപ്പിലാക്കിയ കോവിഡ് സബ്സ്റ്റിറ്റിയൂട്ട് (ആരെങ്കിലും കോവിഡ് രോഗിയായാല്‍ പകരം) ഐ.പി.എല്ലിലും അനുവദിക്കും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *