എന്റെ വാക്കുകള്‍ ഇന്ത്യന്‍ മാധ്യമങ്ങള്‍ ദുര്‍വ്യാഖ്യാനം ചെയ്തു : നവാസ് ഷെരീഫ്

കറാച്ചി: മുംബൈ ഭീകരാക്രമണത്തെക്കുറിച്ച്‌ താന്‍ നടത്തിയ പരാമര്‍ശം ഇന്ത്യന്‍ മാധ്യമങ്ങള്‍ ദുര്‍വ്യാഖ്യാനം ചെയ്തുവെന്ന് നവാസ് ഷെരീഫ്. പാക് ഭീകരരുടെ പങ്ക് സമ്മതിച്ച്‌ കൊണ്ടു ഡോണ്‍ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലെ പരാമര്‍ശം വിവാദമായതിനെത്തുടര്‍ന്നായിരുന്നു നവാസ് ഷെരീഫ് ആരോപണം ഉന്നയിച്ചത്.

നവാസ് ഷെരീഫിന്റെ വക്താവാണ് മുന്‍ പരാമര്‍ശം നിഷേധിച്ചു കൊണ്ടും മാധ്യമങ്ങളെ കുറ്റപ്പെടുത്തിക്കൊണ്ടും രംഗത്ത് വന്നത്. ‘നവാസ് ഷെരീഫിന്റെ പ്രസ്താവന ആദ്യം മുതല്‍ തന്നെ ഇന്ത്യന്‍ മാധ്യമങ്ങള്‍ തെറ്റായാണ് വ്യാഖ്യാനിച്ചത്. ഇന്ത്യന്‍ മാധ്യമങ്ങള്‍ പടച്ചുവിട്ട വിദ്വേഷ പ്രചരണം നിര്‍ഭാഗ്യവശാല്‍ അറിഞ്ഞോ അറിയാതെയോ ചില പാകിസ്താന്‍ ഇലക്ടോണിക് മാധ്യമങ്ങളും വസ്തുതകള്‍ പരിശോധിക്കാതെ ഏറ്റു പിടിച്ചുവെന്ന് വക്താവ് ആരോപിച്ചു.

‘പാകിസ്താനില്‍ ഭീകര സംഘടനകള്‍ സജീവമാണ്. അവരെ അതിര്‍ത്തി കടന്ന് ഇന്ത്യയില്‍ പ്രവേശിക്കാനും മുംബൈയില്‍ ആക്രമണം നടത്താനും അനുവദിക്കേണ്ടിയിരുന്നോ? 166 പേരുടെ മരണത്തിനിടയാക്കിയ മുംബൈ ഭീകരാക്രമണ കേസിലെ പ്രതികളുടെ വിചാരണ പൂര്‍ത്തിയാക്കാന്‍ ഒമ്ബതു വര്‍ഷത്തിനു ശേഷവും പാകിസ്താന്‍ സാധിക്കാത്തതെന്തുകൊണ്ടാണ്’ എന്നായിരുന്നു പാക് മാധ്യമമായ ‘ഡൗണ്‍’ നു നല്‍കിയ അഭിമുഖത്തില്‍ നവാസ് ഷെരീഫ് പറഞ്ഞത്.

റാവല്‍ പിണ്ടിയിലെ ഭീകരവിരുദ്ധ കോടതിയില്‍ നടന്നുവരുന്ന പ്രതികളുടെ വിചാരണ പൂര്‍ത്തിയാക്കാത്തത് അന്തര്‍ദേശീയ തലത്തില്‍ ചോദ്യംചെയ്യപ്പെടുന്നുണ്ടെന്നും പാകിസ്താന്‍ ഒറ്റപ്പെടുന്ന അവസ്ഥ സ്വയം വരുത്തിവയ്ക്കുകയാണെന്നും നവാസ് ഷെരീഫ് കുറ്റപ്പെടുത്തിരുന്നു.അഭിമുഖത്തില്‍ ഉടനീളം പാകിസ്താന്റെ ഭരണത്തില്‍ നിലനില്ക്കുന്ന അപാകതകള്‍ ചൂണ്ടിക്കാട്ടിയ ഷെരീഫ്, ഒരു രാജ്യത്തിന് ഒന്നിലധികം സമാന്തര സര്‍ക്കാരുകള്‍ പാടില്ലെന്നും വ്യക്തമാക്കിയിരുന്നു.

എന്നാല്‍ ഈ പ്രസ്താവനകള്‍ ഇന്ത്യന്‍ മാധ്യമങ്ങള്‍ വ്യാഖ്യാനം ചെയ്തുവെന്നാണ് നവാസ് ഷെരീഫ് ആരോപിക്കുന്നത്. പാകിസ്താന്റെ സുരക്ഷ, സംരക്ഷണം എന്നിവ അടക്കമുള്ള വിഷയങ്ങളില്‍ നവാസ് ഷെരീഫിന് മറ്റാരുടെയും സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ലെന്നും അദ്ദേഹത്തിന്റെ വക്താവ് മാധ്യമങ്ങളെ കുറ്റപ്പെടുത്തി സംസാരിച്ചു.

ഇന്ത്യയ്ക്കനുകൂലമായി സംസാരിച്ചു എന്നാരോപിച്ച്‌ സ്വന്തം പാര്‍ട്ടിക്കുള്ളില്‍ നിന്നുവരെ അദ്ദേഹം ആക്രമണം നേരിടുകയാണെന്നും വക്താവ് പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *