ഉറിയിലെ സൈനിക കേന്ദ്രത്തിനുനേരെയുണ്ടായ ആക്രമണത്തെ അപലപിച്ച്‌ ലോകരാഷ്ട്രങ്ങള്‍

ഉറിയിലെ സൈനിക കേന്ദ്രത്തിനുനേരെയുണ്ടായ ആക്രമണത്തെ അപലപിച്ച്‌ ലോകരാഷ്ട്രങ്ങള്‍. പാക്കിസ്ഥാന്റെ പേരെടുത്തുപറഞ്ഞും അല്ലാതെയുമാണു ലോകരാഷ്ട്രങ്ങള്‍ ഭീകരാക്രമണത്തെ അപലപിച്ചത്. യുഎസ്, ജര്‍മനി, ജപ്പാന്‍, സൗദി അറേബ്യ, കാനഡ, ദക്ഷിണ കൊറിയ തുടങ്ങിയ രാജ്യങ്ങള്‍ ഇന്ത്യയോടു ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചപ്പോള്‍ റഷ്യയും ഫ്രാന്‍സും പാക്കിസ്ഥാനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചു.
യുഎന്‍ രക്ഷാസമിതി സ്ഥിരാംഗങ്ങളായ റഷ്യയും ഫ്രാന്‍സും പാക്കിസ്ഥാനെ വിമര്‍ശിച്ച്‌ രംഗത്തെത്തിയത് രാജ്യാന്തര തലത്തില്‍ ഇന്ത്യയ്ക്കു കൂടുതല്‍ ഊര്‍ജം പകരും. രാജ്യാന്തര തലത്തില്‍ ഇന്ത്യയ്ക്കെതിരെ കശ്മീര്‍ വിഷയം പാക്കിസ്ഥാന്‍ ഉയര്‍ത്തിക്കൊണ്ടുവരാന്‍ ശ്രമിക്കുമ്ബോഴാണു ഭീകരാക്രമണത്തെ അപലപിച്ച്‌ ലോകരാഷ്ട്രങ്ങളെത്തിയത്.വിദേശകാര്യവക്താവ് വികാസ് സ്വരൂപാണ് ലോകരാഷ്ട്രങ്ങളുടെ പ്രതികരണം പുറത്തുവിട്ടത്.
പാക്കിസ്ഥാന്റെയും അവിടെ പ്രവര്‍ത്തിക്കുന്ന ഭീകരസംഘടനകളുടെയും പേരെടുത്തു പറഞ്ഞാണ് റഷ്യ ആക്രമണത്തെ അപലപിച്ചത്. പാക്കിസ്ഥാന്‍ കേന്ദ്രമാക്കിയാണ് ആക്രമണമെന്നു പറഞ്ഞ ഫ്രാന്‍സ് ഭീകരവാദത്തിനെതിരെ പോരാടാന്‍ ഇന്ത്യയ്ക്കൊപ്പം നില്‍ക്കുമെന്നും അറിയിച്ചു. അതേസമയം, പാക്കിസ്ഥാനുമായി അടുത്ത സൗഹൃദം പങ്കിടുന്ന ചൈന ഉറി ആക്രമണത്തില്‍ ഞെട്ടല്‍ രേഖപ്പെടുത്തി. എല്ലാ വിധത്തിലുമുള്ള ഭീകരവാദത്തെയും എതിര്‍ക്കുന്നതയും ഉറി ആക്രമണത്തെ അപലപിക്കുന്നതായും ചൈന അറിയിച്ചു.
ഒരു രാജ്യത്തിന്റെയും മണ്ണില്‍ ഭീകരവാദം വളരുന്നില്ലെന്നു ഉറപ്പുവരുത്തണമെന്നു പാക്കിസ്ഥാന്റെ പേരെടുത്തുപറയാതെ ജര്‍മനി അറിയിച്ചു. ഇന്ത്യയ്ക്കൊപ്പം നിലകൊള്ളുന്നുവെന്നു വ്യക്തമാക്കിയ ജര്‍മനി തങ്ങളുടെ രാജ്യത്തുനിന്നു ഭീകരവാദത്തെ തുടച്ചുനീക്കാന്‍ ഓരോ രാജ്യത്തിനും ബാധ്യതയുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *