ഉരുള്‍ പൊട്ടല്‍ സാദ്ധ്യത; വയനാട്ടില്‍ ശ്രദ്ധവേണം, ആഗസ്റ്റ് 11 വരെ മഴ തുടരുമെന്ന് തമിഴ്നാട് വെതര്‍മാന്‍

ചെന്നൈ: കേരളത്തില്‍ ശക്തമായ മഴ തുടരുന്നതിനിടെ മഴയുടെ പുതിയ സാദ്ധ്യതകള്‍ വ്യക്തമാക്കി സ്വതന്ത്ര കാലാവസ്ഥ നിരീക്ഷകനായ പ്രദീപ് ജോണ്‍.തമിഴ്നാട് വെതര്‍മാന്‍ എന്ന് അറിയപ്പെടുന്ന പ്രദീപ് തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് കേരളത്തില്‍ പെയ്യുന്ന മഴ സംബന്ധിച്ചകാര്യങ്ങള്‍ വ്യക്തമാക്കിയത്.കൃത്യമായ കാലവസ്ഥ നിരീക്ഷണം നടത്തുന്ന പ്രദീപിനെ കേരളത്തില്‍ നിന്നടക്കം നിരവധി പേരാണ് സോഷ്യല്‍ മീഡിയയില്‍ പിന്തുടരുന്നത്.

പ്രദീപിന്‍റെ ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നത് ഇങ്ങനെ, ഇടുക്കിയിലേക്ക് മേഘ ബാന്‍റുകള്‍ വീണ്ടും പ്രവേശിക്കുകയാണ്, പീരുമേടില്‍ ഇപ്പോള്‍ തന്നെ 70 എംഎം മഴ ലഭിച്ചു കഴിഞ്ഞു. ഇപ്പോള്‍ വരുന്ന മേഘങ്ങള്‍ രാജമലയിലും മറ്റും നടക്കുന്ന രക്ഷാപ്രവര്‍ത്തനത്തെ ബാധിക്കില്ലെന്ന് പ്രതീക്ഷിക്കാം. തമിഴ്നാട്ടിലെ ഗൂഢല്ലൂര്‍, പണ്ടല്ലൂര്‍ പ്രദേശങ്ങള്‍ നിരീക്ഷിക്കേണ്ട സ്ഥലങ്ങളാണ്. വയനാട്ടില്‍ മഴ തുടരുകയാണ്. ആലപ്പുഴ, എറണാകുളം, കോട്ടയം, പത്തനംതിട്ട, കൊല്ലം ജില്ലകളിലും മഴ തുടരും. കേരളത്തില്‍ ഇത് മറ്റൊരു ഭീകരദിനം തന്നെയാണ്. ഇതുവരെ 10 ശതമാനം മണ്‍സൂണ്‍ മഴയാണ് കേരളത്തില്‍ കുറവുണ്ടായിരുന്നത്. ഇത് ആഗസ്റ്റ് 11 വരെ തുടര്‍ന്നാല്‍ പൊസിറ്റീവ് സോണിലെത്തും.

വയനാട്ടില്‍ കൂടുതല്‍ ശ്രദ്ധ ആവശ്യമാണെന്നും നാലുദിവസമായി കനത്ത മഴ ലഭിക്കുന്ന അവിടെ ഉരുള്‍ പൊട്ടല്‍ സാദ്ധ്യത അധികമാണെന്നും പ്രദീപ് കുറിച്ചു. അതേസമയം ഇപ്പോള്‍ തുടരുന്ന മഴ ആഗസ്റ്റ് 11വരെ തുടരുമോ എന്ന ഒരു ഫേസ്ബുക്ക് ഉപയോക്താവിന്‍റെ ചോദ്യത്തിന് ‘യെസ്’ എന്നാണ് പ്രദീപ് നല്‍കിയ മറുപടി.കേരളത്തില്‍ ഇക്കുറിയും കനത്ത മഴയ്ക്കുള്ള സാദ്ധ്യതകള്‍ പ്രവചിച്ച കാലവസ്ഥ വിദഗ്ദ്ധനാണ് പ്രദീപ് ജോണ്‍. 2015ലെ ചെന്നൈ വെള്ളപ്പൊക്കത്തിന്റെ സമയത്തും 2016-ല്‍ വാര്‍ധ ചുഴലിക്കാറ്റ് ആഞ്ഞടിച്ചപ്പോഴും പ്രദീപ് നടത്തിയ കാലാവസ്ഥാ പ്രവചനങ്ങള്‍ കൃത്യമായതോടെയാണ് ഇദ്ദേഹത്തിന്
ആരാധകരേറിയത്.വിവിധ കേന്ദ്രങ്ങളില്‍നിന്നുള്ള വിവരങ്ങള്‍ ശേഖരിച്ചു കൃത്യമായ വിശകലനങ്ങള്‍ നടത്തിയശേഷമാണു പ്രദീപ് പ്രവചനം നടത്തുന്നത്.

അതേ സമയം കേരളത്തില്‍ രണ്ട് ദിവസം കൂടി ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അടുത്ത രണ്ട് ദിവസം കൂടി കേരളം ജാഗ്രത പാലിക്കണമെന്നാണ് മുന്നറിയിപ്പ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *