ഇ.എം.സി.സി ധാരണാപത്രം: എന്‍. പ്രശാന്തില്‍ നിന്നും ആഭ്യന്തര സെക്രട്ടറി വിവരങ്ങള്‍ തേടും

ഇ.എം.സി.സി.യുമായുണ്ടാക്കിയ ധാരണാപത്രം സംബന്ധിച്ച് ആഭ്യന്തരസെക്രട്ടറിയുടെ അന്വേഷണം ഉടന്‍ ആരംഭിക്കും. നടപടി ക്രമങ്ങളിലുണ്ടായ വീഴ്ചയ്ക്കൊപ്പം ഉദ്യോഗസ്ഥരുടെ പങ്കും അന്വേഷിക്കും. കെ.എസ്.ഐ.എന്‍.സി എം.ഡി എന്‍. പ്രശാന്തില്‍ നിന്നും ആഭ്യന്തരസെക്രട്ടറി ടി.കെ ജോസ് വിവരങ്ങള്‍ തേടും.

400 ട്രോളറുകളും അ‍ഞ്ച് മദര്‍ വെസ്സലുകളും നിര്‍മ്മിക്കാന്‍ ഇന്‍ലാന്‍റ് നാവിഗേഷന്‍ കോര്‍പ്പറേഷന്‍ ‍‍- ഇ.എം.സി.സി.യുമായുണ്ടാക്കിയ ധാരണപത്രമാണ് സര്‍ക്കാര്‍ ഇന്നലെ റദ്ദാക്കിയത്. വിദേശ കമ്പനിക്ക് കേരളത്തിലെ മത്സ്യസമ്പത്ത് തീറെഴുതുന്നു എന്ന പ്രതിപക്ഷ പ്രചരണം തിരിച്ചടിയുണ്ടാക്കുമെന്ന് വിലയിരുത്തിയാണ് സര്‍ക്കാര്‍ ധാരണപത്രത്തില്‍ നിന്ന് പിന്നോട്ട് പോയത്. സര്‍ക്കാരിന്‍റെ മത്സ്യനയത്തിന് വിരുദ്ധമായ കാര്യം ഉള്‍പ്പെടുത്തി എങ്ങനെ ധാരണപത്രം ഒപ്പിട്ടുവെന്നതടക്കമുള്ള കാര്യങ്ങള്‍ പരിശോധിക്കാന്‍ ആഭ്യന്തരസെക്രട്ടറി ടി.കെ ജോസിനെ സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിരുന്നു. ആഭ്യന്തര സെക്രട്ടറിയുടെ അന്വേഷത്തിലൂടെ വിവാദത്തിന്‍റെ സ്രോതസും മറ്റ് വിശദാംശങ്ങളും പുറത്ത് വരുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷ.

രേഖകള്‍ പ്രതിപക്ഷ നേതാവിന് കിട്ടിയതില്‍ അടക്കം സര്‍ക്കാര്‍ ഗൂഢാലോചന സര്‍ക്കാര്‍ സംശയിക്കുന്നുണ്ട്. കെ.എസ്.ഐ.എന്‍.സി എം.ഡി എന്‍. പ്രശാന്തിനെ സംശയമുനയില്‍ നിര്‍ത്തിയാണ് മുഖ്യമന്ത്രിയും മന്ത്രി മേഴ്‍സിക്കുട്ടിയമ്മയും പ്രതികരണം നടത്തിയത്. പ്രശാന്തില്‍ നിന്നും ആഭ്യന്തര സെക്രട്ടറി വിവരം തേടും. ധാരണാപത്രം ഒപ്പിടും മുമ്പ് സര്‍ക്കാരുമായി ബന്ധപ്പെടാത്തതെന്ന് എന്നടക്കമുള്ള കാര്യങ്ങള്‍ പ്രശാന്തില്‍ നിന്ന് ചോദിച്ചറിയും. ഉദ്യോഗസ്ഥതല വീഴ്ചയുണ്ടായെന്ന റിപ്പോര്‍ട്ടാണ് ടി.കെ ജോസ് നല്‍കുന്നതെങ്കില്‍ ചിലര്‍ക്കെതിരെ നടപടിയുണ്ടാകാനും സാധ്യതയുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *