ഇറാന്റെ അഞ്ച് വിമാനങ്ങള്‍ ഖത്തറില്‍: പ്രതിസന്ധി രൂക്ഷം

തീവ്രവാദ ബന്ധത്തിന്റെ പേരില്‍ പല രാജ്യങ്ങളും ഖത്തറുമായുള്ള നയതന്ത്രബന്ധം ഉപേക്ഷിച്ചതിനുപിന്നാലെ പ്രശ്‌നം രൂക്ഷമാകുകയാണ്. ഇറാന്റെ അഞ്ച് വിമാനങ്ങളാണ് ഖത്തറിലെത്തിയത്. ഇറാന്‍ ഖത്തറിന് നല്‍കുന്ന ഓരോ സഹായവും പ്രതിസന്ധി വര്‍ദ്ധിപ്പിക്കുകയാണ്.
ഇറാന്‍ തുറമുഖങ്ങളിലെ മൂന്ന് കപ്പലുകളും ഏത് സമയവും ഖത്തറിലേക്ക് എത്തിച്ചേരും. ഭക്ഷ്യ വസ്തുക്കളുടെ കാര്യത്തിലും ഖത്തര്‍ ഭയപ്പെടേണ്ടെന്നാണ് ഇറാന്‍ അറിയിച്ചത്. ഭക്ഷ്യവസ്തുക്കളുമായാണ് വിമാനങ്ങള്‍ ദോഹയിലെത്തിയത്. ഖത്തറിന് ആവശ്യമായ ഭക്ഷ്യവസ്തുക്കള്‍ കപ്പലില്‍ എത്തിക്കും എന്നായിരുന്നു ഇറാന്‍ ആദ്യം വ്യക്തമാക്കിയിരുന്നത്. 350 ടണ്‍ ഭക്ഷ്യ വസ്തുക്കളുമായി മൂന്ന് കപ്പലുകള്‍ ഇറാന്‍ തുറമുഖത്ത് യാത്ര തുടങ്ങാന്‍ തയ്യാറായി കിടക്കുകയാണ്.
വിമാനങ്ങളിലായി 450ടണ്‍ ഭക്ഷ്യവസ്തുക്കള്‍ എത്തിച്ചുക്കഴിഞ്ഞു. ഖത്തറുമായുള്ള വ്യോമ, സമുദ്ര അതിര്‍ത്തികളെല്ലാം തന്നെ സൗദിയും യുഎഇയും ബഹ്‌റൈനും അടച്ചിരുന്നു. ഏക കര അതിര്‍ത്തിയായ സൗദി അതിര്‍ത്തിയും അടച്ചു. ഇതോടെ ഭക്ഷ്യവസ്തുക്കളുടെ ഇറക്കുമതിയെ കാര്യമായി ബാധിക്കുകയും ചെയ്തു.
ഖത്തര്‍ സ്വദേശികളെ വിവാഹം ചെയ്തിട്ടുള്ള സൗദിക്കാരും യുഎഇക്കാരും ബഹ്‌റൈന്‍കാരും പ്രതിസന്ധിയിലായിരിക്കുകയാണ്. ഹോട്ട് ലൈന്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും അത് എങ്ങനെ പ്രവര്‍ത്തിക്കുമെന്നുള്ള ആശയക്കുഴപ്പത്തിലാണ് ജനങ്ങള്‍.

Spread the love

Leave a Reply

Your email address will not be published. Required fields are marked *