ഇന്ന് ലോക രോഗപ്രതിരോധ ദിനം

നവംബര്‍ 10 എല്ലാ വര്‍ഷവും ലോക രോഗപ്രതിരോധ ദിനമായി ആചരിക്കുന്നു.രോഗപ്രതിരോധ കുത്തിവയ്പുകളും തുള്ളിമരുന്നുകളും വഴി പ്രതിരോധിക്കാവുന്ന രോഗങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവത്ക്കരിക്കുക എന്ന ലക്ഷ്യത്തോടു കൂടിയാണ് ഈ ദിനം നാം ആചരിക്കുന്നത്.ലോകത്ത് രോഗപ്രതിരോധ കുത്തിവയ്പുകളിലൂടെ (വാക്‌സിനേഷന്‍) ഒരു വര്‍ഷം 2-3 മില്യണ്‍ മരണങ്ങള്‍ തടയാന്‍ സാധിക്കുന്നുണ്ട് എന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ സൂചിപ്പിക്കുന്നത്.എന്നിരുന്നാലും 18.7 മില്യണ്‍ കുഞ്ഞുങ്ങള്‍ക്ക് ഇപ്പോഴും ജീവന്‍രക്ഷാ പ്രതിരോധ മരുന്നുകള്‍ ലഭ്യമാകുന്നില്ല എന്നതും വസ്തുതയാണ്.യൂണിവേഴ്‌സല്‍ ഇമ്മ്യൂണൈസേഷന്‍ പ്രോഗ്രാമില്‍ മുന്നില്‍ നില്‍ക്കുന്ന രാജ്യമാണ് ഇന്ത്യ.എങ്കിലും ഒരു വയസ്സില്‍ താഴെയുള്ള 65 ശതമാനം കുട്ടികള്‍ക്കു മാത്രമേ ഇപ്പോഴും ഇന്ത്യയില്‍ പ്രതിരോധ മരുന്നുകള്‍ ലഭിക്കുന്നുള്ളൂ .ഇത് 100 ശതമാനം ആക്കേണ്ടതുണ്ട്.

ഒരു വ്യക്തിയുടെ രോഗപ്രതിരോധ ശക്തി വര്‍ദ്ധിപ്പിക്കുന്നതിനായി പ്രതിജനകം നല്‍കുന്നതിനെയാണ് വാക്‌സിനേഷന്‍ എന്നു പറയുന്നത്.രോഗം പകര്‍ന്നു കിട്ടുന്നതില്‍ നിന്നും സംരക്ഷണം നല്‍കുന്നതിനോ അതിന്റെ ശക്തി കുറയ്ക്കുന്നതിനോ വാക്‌സിനേഷനു കഴിയും.

ഒരു സമൂഹത്തിലെ വലിയൊരു വിഭാഗം ജനങ്ങള്‍ വാക്‌സിനേഷന്‍ എടുത്താല്‍ ആ സമൂഹത്തിനു മൊത്തമായി പ്രതിരോധശേഷി (ഹെര്‍ഡ് ഇമ്മ്യൂണിറ്റി) ലഭിക്കും.
രോഗപ്രതിരോധ മരുന്നുകള്‍ സ്വീകരിക്കുമ്പോള്‍ ചില കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണം

-കുട്ടിക്ക് പനിയുണ്ടെങ്കില്‍
-മുന്‍പ് പ്രതിരോധ കുത്തിവയ്പ് എടുത്ത സമയത്ത് പ്രതിപ്രവര്‍ത്തനം ( മരുന്നിന്റെ റിയാക്ഷന്‍) ഉണ്ടായിട്ടുണ്ടെങ്കില്‍
-മുന്‍പ് അപസ്മാരം ഉണ്ടായിട്ടുണ്ടെങ്കില്‍
-പ്രതിരോധശേഷിയെ ബാധിക്കുന്ന എയ്ഡ്സ്,കാന്‍സര്‍ എന്നിവ പോലുള്ള രോഗങ്ങള്‍ ഉണ്ടെങ്കില്‍ ഈ സന്ദര്‍ഭങ്ങളില്‍ പ്രതിരോധമരുന്നുകള്‍ സ്വീകരിക്കുന്നത് നീട്ടിവെയ്ക്കാവുന്നതാണ്.

ലോകം മുഴുവന്‍ കോവിഡ് മഹാമാരിക്കെതിരായ പ്രതിരോധ മരുന്നിനായി കാത്തിരിക്കുന്ന സന്ദര്‍ഭത്തിലാണ് ഈ വര്‍ഷത്തെ ലോക രോഗപ്രതിരോധ ദിനം കടന്നു വരുന്നത്.ഇത് രോഗപ്രതിരോധ മരുന്നുകള്‍ മനുഷ്യരാശിക്ക് എത്ര വലിയ അനുഗ്രഹമാണ് എന്നും നിലവില്‍ ലഭ്യമായ രോഗപ്രതിരോധ മരുന്നുകളുടെ പ്രാധാന്യത്തെക്കുറിച്ചും നമ്മെ ഓര്‍മിപ്പിക്കുന്നു.
ജനനം മുതല്‍ യഥാസമയം പ്രതിരോധ കുത്തിവയ്പുകളും തുള്ളിമരുന്നുകളും നല്‍കി നമ്മുടെ കുഞ്ഞുങ്ങളെ മാരക രോഗങ്ങളില്‍ നിന്നും സംരക്ഷിക്കുമെന്ന് ഈ ദിനത്തില്‍ പ്രതിജ്ഞ ചെയ്യാം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *