ഇന്ന് മുതല്‍ ശമ്പളം നല്‍കുന്നു: ബാങ്കുകളിലും എ.ടി.എമ്മുകളിലും തിരക്കേറും

റിസര്‍വ്വ് ബാങ്ക് പണം നല്‍കുന്നതോടെ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം ഇന്ന് മുതല്‍ കൊടുക്കാന്‍ തുടങ്ങും. ഇതിനെ തുടര്‍ന്ന് ഇന്ന് മുതല്‍ ബാങ്കുകളിലും എടിഎമ്മുകളിലും തിരക്കേറും .

നോട്ട് അസാധുവാക്കിയതിന് ശേഷമുള്ള പ്രതിസന്ധി ഇന്ന് മുതല്‍ രൂക്ഷമാകും. അക്കൗണ്ടുകള്‍ വഴി സര്‍ക്കാര്‍ ജീവനക്കാര്‍ ശമ്പളം ലഭിക്കുന്നതോടെ ബാങ്കുകളിലും എടിഎമ്മുകളിലും തിരക്ക് രൂക്ഷമാകും.

സര്‍ക്കാര്‍ ജീവനക്കാരും പെന്‍ഷന്‍കാരുമായി 10 ലക്ഷത്തോളം ജീവനക്കാരാണ് ഉള്ളത്. പൊതുമേഖലാ സ്ഥാപനങ്ങളിലും സ്വകാര്യമേഖലയിലുമായി ഇതിന് പുറമെ ലക്ഷക്കണക്കിന് പേര്‍ ജോലി ചെയ്യുന്നുണ്ട്.

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പതിവുപോലെ ഒന്നു മുതല്‍ ഏഴ് വരെ തീയതികളിലായി അക്കൗണ്ടില്‍ പണമെത്തും. മറ്റുള്ളവര്‍ക്കും ഇതുപോലെത്തന്നെയാണ് നല്‍കുക. സ്വകാര്യ മേഖലിയിലെ ജോലിക്കാര്‍ക്ക് ചെക്കായിട്ടാണ് മിക്കയിടങ്ങളിലും ശമ്പളം നല്‍കുന്നത്. ചെക്ക് മാറാന്‍ എല്ലാവരും കൂടി ബാങ്കിലെത്തുമ്പോള്‍ കൊടുക്കാന്‍ പണമില്ല,

എന്നാല്‍ ഈ ശമ്പളം വഴി ലഭിക്കുന്ന പണം ആവശ്യത്തിന് പോലും ചെലവഴിക്കാനാകാതെ അക്കൗണ്ടില്‍ തന്നെ വിശ്രമിക്കാനാണ് സാധ്യത.നോട്ട് നിരോധനം നിലവില്‍ വന്നതിന്റെ തൊട്ടടുത്ത ദിവസങ്ങളില്‍ കണ്ടതിനെക്കാള്‍ വലിയ തിരക്കാവും ഒരു പക്ഷെ ഇന്ന് മുതല്‍ ബാങ്കുകളില്‍.

സര്‍ക്കാര്‍ ജീവനക്കാരില്‍ നല്ലൊരു വിഭാഗത്തിന് ട്രഷറിയില്‍ പണമെത്തിയാല്‍ കാര്യം നടക്കും. എന്നാല്‍ മറ്റുള്ളവരുടെ കാര്യത്തില്‍ ഒരു ഗാരന്റിയുമില്ല. എടിഎമ്മുകളില്‍ നിന്ന് ഒരു ദിവസം പിന്‍വലിക്കാവുന്നത് 2500 മാത്രം.കൊടുക്കാന്‍ പണമില്ലാതായാല്‍ നിലവില്‍ തന്നെ താളം തെറ്റിയ ബാങ്കുകളുടെ പ്രവര്‍ത്തനം വീണ്ടും താറുമാറാകും. മാസശമ്പളക്കാര്‍ ഏറ്റവും കൂടുതല്‍ പണം ചെലവഴിക്കുന്ന മാസാദ്യത്തിലെ കറന്‍സി ദൗര്‍ലഭ്യം കുടുംബ ബജറ്റിനെ മാത്രമല്ല, വിപണിയെയും പ്രതികൂലമായി ബാധിക്കും.

നിരോധിച്ച നോട്ടുകള്‍ക്ക് തുല്യമായി പണം അടിച്ചിറക്കാത്തതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം. പണം ഉണ്ടെന്ന് പറയുമ്പോഴും ബാങ്കുകളും എ.ടിഎമ്മുകളും എല്ലായിടത്തും കാലിയാണ്. പൊതുജനത്തിന്റെ ദുരിതം സഹിക്കാനാവുന്നതിന്റെയും അപ്പുറത്തേക്ക് വരും ദിനങ്ങളില്‍ കടക്കും എന്നത് തീര്‍ച്ചയാണ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *