ഇനി ഓരോ ചാറ്റിലും വ്യത്യസ്ത വാള്‍പേപ്പറുകള്‍ സെറ്റ് ചെയ്യാം; പുതിയ ഫീച്ചറുമായി വാട്‌സ്‌ആപ്പ്

വാട്‌സ്‌ആപ്പ് ചാറ്റുകള്‍ക്കായുള്ള വാള്‍പേപ്പര്‍ സെക്ഷനില്‍ മാറ്റങ്ങള്‍ വരുത്താനൊരുങ്ങി വാട്‌സ്‌ആപ്പ്. ഉപയോക്താക്കള്‍ക്ക് ഓരോ ചാറ്റിലും ഇഷ്ടാനുസരണം വാള്‍പേപ്പറുകള്‍ സെറ്റ് ചെയ്യാന്‍ സാധിക്കുന്ന പുതിയ ഫീച്ചറാണ് കമ്ബനി അവതരിപ്പിക്കാന്‍ ഒരുങ്ങുന്നത്.

ആന്‍ഡ്രോയിഡിനായി ലഭ്യമായ 2.20.200.11 ബീറ്റ അപ്ഡേറ്റിലാണ് ഓരോ ചാറ്റിലും വ്യത്യസ്ത വാള്‍പേപ്പറുകള്‍ സെറ്റ് ചെയ്യാനുള്ള പുതിയ ഫീച്ചര്‍ വാട്സ്‌ആപ്പ് പുറത്തിറക്കിയിരിക്കുന്നത്. വാള്‍പേപ്പര്‍ സെറ്റിങ്‌സ് മെനുവിലാണ് ഉപയോക്താക്കള്‍ക്ക് വാള്‍പേപ്പറുകള്‍ സെറ്റ് ചെയ്യാനുള്ള ഓപ്ഷന്‍ ലഭ്യമാക്കുന്നത്.

ഒരു ഉപയോക്താവ് പുതിയ വാള്‍പേപ്പര്‍ സെറ്റ് ചെയ്യാനുള്ള ഓപ്ഷന്‍ തിരഞ്ഞെടുക്കുമ്ബോള്‍ നിലവിലെ ചാറ്റിനായോ അതല്ലെങ്കില്‍ എല്ലാ ചാറ്റുകള്‍ക്കുമായോ വാള്‍പേപ്പര്‍ സെറ്റ് ചെയ്യാന്‍ സാധിക്കും. ഇതില്‍ ആവശ്യമുള്ള ഓപ്ഷന്‍ തിരഞ്ഞെടുക്കാം. ഓരോ ചാറ്റിലുമുള്ള വാള്‍പേപ്പറുകള്‍ വ്യത്യസ്തമായി സെറ്റ് ചെയ്യുകയോ അതല്ലെങ്കില്‍ എല്ലാ ചാറ്റുകള്‍ക്കുമായുള്ള വാള്‍പേപ്പര്‍ നിലവിലുള്ള ഫീച്ചര്‍ പോലെ തിരഞ്ഞെടുക്കുകയോ ചെയ്യാം.

പുതിയ വാള്‍പേപ്പര്‍ ഫീച്ചര്‍ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നും ഇത് കുറച്ച്‌ കാലം കഴിഞ്ഞ് മാത്രമേ എല്ലാ ഉപയോക്താക്കള്‍ക്കുമായി ലഭ്യമാകൂ എന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. വാള്‍പേപ്പറില്‍ ചിത്രങ്ങളോ ഡൂഡിലോ നല്‍കുന്നത് ഇഷ്ടമല്ലാത്ത ആളുകള്‍ക്കായി വാട്‌സ്‌ആപ്പ് പ്ലെയിന്‍ വാള്‍പേപ്പറുകളും നല്‍കുന്നുണ്ട്. ഉപയോക്താക്കള്‍ക്ക് അവരുടെ വാട്‌സ്‌ആപ്പ് ചാറ്റുകള്‍ എങ്ങനെ കാണണം എന്ന് തീരുമാനിക്കാനുള്ള എല്ലാ സംവിധാനങ്ങളും ഈ പുതിയ ഫീച്ചറിലൂടെ ലഭിക്കും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *