അ​ട്ട​പ്പാ​ടി​​യി​ലേ​ത് വ്യാ​ജ ഏ​റ്റുമു​ട്ട​ല്‍ അ​ല്ല; എ​കെ 47 ഉ​ള്‍​പ്പെ​ടെ​യു​ള്ള ആ​യു​ധ​ങ്ങ​ള്‍ പി​ടി​ച്ചെ​ടു​ത്തെ​ന്ന് എ​സ്പി

പാലക്കാട്: അട്ടപ്പാടി വനത്തിലെ മഞ്ചിക്കണ്ടിയില്‍ നാല് മാവോവാദികള്‍ കൊല്ലപ്പെട്ടത് രൂക്ഷമായ ഏറ്റുമുട്ടലിനെ തുടര്‍ന്നാണെന്ന് പാലക്കാട് എസ്.പി ശിവവിക്രം ഐ.പി.എസ്. കൊല്ലപ്പെട്ടവരില്‍ നിന്ന് എ.കെ 47 ഉള്‍പ്പടെയുള്ള ആയുധങ്ങള്‍ കണ്ടെത്തിയതായും എസ്.പി മാധ്യമങ്ങളോട് വിശദീകരിച്ചു.

തിങ്കളാഴ്ച രാവിലെ തുടങ്ങിയ ഓപ്പറേഷനാണ്. തണ്ടര്‍ബോള്‍ട്ട് സംഘം പട്രോളിങ് നടത്തവേ മഞ്ചക്കണ്ടിയില്‍ നിന്ന് 4 കിലോമീറ്റര്‍ അകലെ വനമേഖലയില്‍ വെച്ച്‌ മാവോവാദികളുടെ സങ്കേതം കാണുകയായിരുന്നു. അതിന് സമീപത്തേക്ക് തണ്ടര്‍ബോള്‍ട്ട് സംഘം നീങ്ങിയപ്പോള്‍ മാവോവാദികള്‍ വെടിയുതിര്‍ത്തു. അപ്പോള്‍ തണ്ടര്‍ബോള്‍ട്ട് സംഘം തിരിച്ചടിച്ചു. ഇതില്‍ മൂന്ന് മാവോവാദികള്‍ കൊല്ലപ്പെടുകയായിരുന്നു.
പിറ്റേന്ന് രാവിലെയാണ് ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചത്. തഹസില്‍ദാര്‍, സബ്കളക്ടര്‍, ഡോക്ടര്‍, ഫോറന്‍സിക് വിദഗ്ധര്‍, ആയുധ വിദഗ്ധര്‍, ഡോഗ് സ്‌ക്വാഡ്, ബോംബ് സ്‌ക്വാഡ്, പഞ്ചായത്ത് അംഗങ്ങള്‍, ഡി.എഫ്.ഒ എന്നിവരും സ്ഥലത്തുണ്ടായിരുന്നു. ആ സമയത്ത് പ്രദേശം മുഴുവന്‍ തണ്ടര്‍ബോള്‍ട്ട് സംഘം വളഞ്ഞിരുന്നു. പിടിച്ചെടുത്ത ആയുധങ്ങള്‍ പരിശോധിക്കവെയാണ് വീണ്ടും വെടിവെപ്പുണ്ടായത്.

വെടിയേല്‍ക്കാതിരിക്കാന്‍ എല്ലാവരും നിലത്ത് കിടന്നു. ഉടന്‍ തണ്ടര്‍ബോള്‍ട്ട് സംഘം തിരിച്ച്‌ വെടിയുതിര്‍ത്തു. 2 മണിക്കൂറോളം സമയം ആ വെടിവെപ്പ് നീണ്ടുനിന്നു. ആ വെടിവെപ്പിലാണ് ഒരാള്‍ കൊല്ലപ്പെടുന്നത്. ഇയാളുടെ കൈവശം എ.കെ 47 തോക്കുണ്ടായിരുന്നു. ഇയാളുടെ കൂടെ രണ്ട് മാവോവാദികള്‍ കൂടി ഉണ്ടായിരുന്നു. ഇവരുടെ കൈവശവും ആയുധങ്ങളുണ്ടായിരുന്നു.ഇവര്‍ക്കായി തണ്ടര്‍ബോള്‍ട്ട് ഏറെ നേരം തിരച്ചില്‍ നടത്തിയതായും എസ്.പി വ്യക്തമാക്കി

അവര്‍ രക്ഷപ്പെട്ടുവെന്ന് ഞങ്ങള്‍ക്ക് മനസിലായി. ഞങ്ങളുടെ കൂടെയുണ്ടായിരുന്നവരുടെ സുരക്ഷക്ക് കൂടുതല്‍ തണ്ടര്‍ ബോള്‍ട്ട് സംഘത്തെ വിളിച്ചു. സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമായ ശേഷം ഇന്‍ക്വസ്റ്റ് നടത്താന്‍ തീരുമാനിച്ചു. 12.30 ആയിക്കാണും. തഹസില്‍ദാര്‍മാര്‍ കൂടെയുണ്ടായതുകാരണം അവരുടെ അനുമതി വാങ്ങിയ ശേഷമായിരുന്നു നടപടി.

ഒരു എ.കെ 47 തോക്കും, ഒരു .303 തോക്കും, നാടന്‍ തോക്കുകളുമുള്‍പ്പെടെ ഏഴ് ആയുധങ്ങള്‍ അവിടെ നിന്നും കണ്ടെടുത്തു. നൂറ് റൗണ്ട് വെടിയുണ്ടകളും കണ്ടെടുത്തു. മൊബൈല്‍ ഫോണും ലാപ്‌ടോപ്പും ഉള്‍പ്പെടെ ഇലക്‌ട്രോണിക് ഉപകരണങ്ങളും സ്ഥലത്തുണ്ടായിരുന്നു.

പാചകം ചെയ്തതിന്റെ തെളിവുകളുണ്ടായിരുന്നതായും എസ്.പി പറഞ്ഞു. വനം വകുപ്പ് നടത്തിയ പരിശോധനയില്‍ മാന്‍തോലുകള്‍ കണ്ടെടുത്തു.പാത്രത്തില്‍ പാകം ചെയ്ത ഇറച്ചിയുണ്ടായിരുന്നു. ഇത് മാനിറച്ചിയാണെന്ന് കരുതുന്നതായും അദ്ദേഹം പറഞ്ഞു.കീഴടങ്ങാന്‍ എത്തിയവരായിരുന്നു മാവോവാദികളെങ്കില്‍ അവര്‍ എന്തിന് വലിയ ആയുധങ്ങളുമായി വന്നു എന്നും എസ്.പി ശിവവിക്രം ചോദിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *