അല്‍ ഖ്വയ്ദ അറസ്റ്റ്: സംഘത്തിന് കേരളത്തില്‍ നിന്ന് സഹായം ലഭിച്ചെന്ന് എന്‍ഐഎ

അല്‍ ഖ്വയ്ദ ബന്ധം ആരോപിച്ച്‌ ദേശീയ അന്വേഷണ ഏജന്‍സി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി പിടികൂടിയ വ്യക്തികള്‍ക്ക് കേരളത്തില്‍ നിന്ന് പ്രാദേശിക സഹായം ലഭിച്ചെന്ന് റിപ്പോര്‍ട്ട്. എന്‍.ഐ.എ. കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടിലാണ് ഗുരുതരമായ വെളിപ്പെടുത്തല്‍ ഉള്ളത്. ബംഗാളിലെ മുര്‍ഷിദാബാദില്‍ നിന്നും കേരളത്തില്‍ എറണാകുളത്ത് നിന്നുമായി 9 പേരെയാണ് ശനിയാഴ്ച പുലര്‍ച്ചെ എന്‍ഐഎ സംഘം പിടികൂടിയത്. ഇതില്‍ മുന്ന് പേര്‍ ഇതര സംസ്ഥാന തൊഴിലാളികളായി കേരളത്തില്‍ വര്‍ഷങ്ങളായി കഴിയുന്നവരാണ്.
ഇത്തരത്തില്‍, തീവ്രവാദ സംഘടനയുടെ ആശയങ്ങളില്‍ ആകൃഷ്ടരായ പത്തിലധികം പേരെ ഇതിനോടകം തിരിച്ചറിഞ്ഞിട്ടുണ്ടെന്നും കൂടുതല്‍ പേര്‍ക്ക് ബന്ധമുണ്ടാവാനിടയുണ്ടെന്നും അന്വേഷണ സംഘം ചൂണ്ടിക്കാട്ടുന്നു. ഇതിനൊപ്പമാണ് സംഘത്തിന് പണവും ആയുധങ്ങളും സ്‌ഫോടകവസ്തുക്കളും ശേഖരിക്കാന്‍ കേരളത്തില്‍നിന്നു സഹായം ലഭിച്ചെന്ന് എന്‍ഐഎ കോടതിയെ അറിയിച്ചിരിക്കുന്നത്.
കേരളത്തില്‍ നിന്നും പിടിയിലായ മുര്‍ഷിദ് ഹസനെയാണ് സംഘത്തലവന്‍ എന്ന നിലയില്‍ എന്‍ഐഎ ചൂണ്ടിക്കാട്ടുന്നത്. ദക്ഷിണേന്ത്യയിലും കിഴക്കന്‍ സംസ്ഥാനങ്ങളിലും പലതവണ മുര്‍ഷിദ് നടത്തിയ സന്ദര്‍ശനങ്ങള്‍ പദ്ധതി ആസൂത്രണങ്ങളുടെ ഭാഗമായാണെന്നും സംഘടനയുടെ ആശയങ്ങള്‍ നടപ്പാക്കാന്‍ യുവാക്കളെ റിക്രൂട്ട് ചെയ്യാന്‍ ശ്രമിച്ചിരുന്നു എന്നും റിപ്പോര്‍ട്ട് ആരോപിക്കുന്നു. പ്രതികളില്‍നിന്നു പിടിച്ചെടുത്ത ലാപ്‌ടോപ്, ഫോണ്‍ എന്നിവയില്‍നിന്നു ലഭിച്ച ഫോട്ടോകളിലും വീഡിയോകളിലുംനിന്ന് ഇവര്‍ നടത്തിയത് ഭീകരവാദപ്രവര്‍ത്തനങ്ങള്‍ തന്നെയാണെന്നു തെളിയിക്കുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

കൊച്ചിയില്‍ പിടിയിലായ മുര്‍ഷിദ് ഹസന്‍, മൊസറഫ് ഹൊസ്സെന്‍, യാക്കൂബ് ബിശ്വാസ് എന്നിവരെ ഞായറാഴ്ച ഡല്‍ഹിയിലേക്കു കൊണ്ടുപോയി. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ചൊവ്വാഴ്ച രാവിലെ 11 മണിവരെ പ്രതികളെ ഇവരെ എന്‍.ഐ.എ.യുടെ കസ്റ്റഡിയില്‍ നല്‍കിയിയിട്ടുണ്ട്. ട്രാന്‍സിറ്റ് വാറന്റില്‍ ഡല്‍ഹിക്കു കൊണ്ടുപോയ പ്രതികളെ ചൊവ്വാഴ്ച പട്യാല ഹൗസ് കോടതിയില്‍ ഹാജരാക്കണം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *