അറിഞ്ഞയുടന്‍ പ്രതിപക്ഷ നേതാവിനേയും അധ്യക്ഷനേയും വിളിച്ചു, നടപടിയെടുക്കുമെന്ന് ഉറപ്പ് നല്‍കി,പോസ്റ്റര്‍ തൂക്കി വിറ്റതില്‍ വീണ എസ് നായര്‍

വട്ടിയൂര്‍കാവിലെ തന്റെ ഉപയോഗിക്കാത്ത പോസ്റ്ററുകള്‍ തൂക്കി വിറ്റ സംഭവത്തില്‍ പ്രതികരിച്ച് യുഡിഎഫ് സ്ഥാനാര്‍ത്ഥി വീണ എസ് നായര്‍. സംഭവം അറിഞ്ഞയുടന്‍ നേതൃത്വത്തെ ബന്ധപ്പെട്ടിരുന്നുവെന്നും വീഴ്ച്ച സംഭവിച്ചുണ്ടെങ്കില്‍ നടപടിയെടുക്കുമെന്ന് ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും വീണ എസ് നായര്‍ പറഞ്ഞു. സ്ഥാനാര്‍ത്ഥിയെന്ന നിലയില്‍ ഏല്‍പ്പിച്ച ജോലി പൂര്‍ത്തിയാക്കിയിട്ടുണ്ടെന്നും വീണ പറഞ്ഞു.

വ്യാഴാഴ്ച്ചയായിരുന്നു വീണ എസ് നായരുടെ തെരഞ്ഞെടുപ്പ് പോസ്റ്ററുകള്‍ ആക്രികടയില്‍ കണ്ടെത്തിയത്. അമ്പത് കിലോ പോസ്റ്ററുകളാണ് 10 രൂപക്ക് ആക്രികടയില്‍ വിറ്റത്. നന്തന്‍കോഡ് വൈഎംആര്‍ ജംക്ഷനിലെ ആക്രികടയിലാണ് പോസ്റ്ററുകള്‍ കെട്ടികിടക്കുന്നത്. സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസ് പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. നന്തന്‍കോട് സ്വദേശി ബാലുവിനെതിരെയാണ് യൂത്ത് കോണ്‍ഗ്രസ് പൊലീസില്‍ പരാതി നല്‍കിയത്. മോഷണക്കുറ്റത്തിനടക്കമാണ് ബാലുവിനെതിരെ മ്യൂസിയം പൊലീസില്‍ പരാതി നല്‍കിയത്. ബാലു പ്രാദേശിക കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ്.

കടുത്ത തെരഞ്ഞെടുപ്പ് പ്രചാരണം നടന്ന വട്ടിയൂര്‍കാവില്‍ 50 കിലോയിലധികം പോസ്റ്ററുകള്‍ ബാക്കിവന്നത് പ്രാദേശിക പ്രവര്‍ത്തകര്‍ക്കിടയില്‍ ചര്‍ച്ചയ്ക്ക് വഴിവെച്ചിരുന്നു.കോണ്‍ഗ്രസിലെ ഗ്രൂപ്പ് കളിയുടെ ഭാഗമായാണ് പോസ്റ്റര്‍ വിറ്റതെന്നും ആരോപണം ഉയരുന്നുണ്ട്.

നേമത്തിനുശേഷം ബിജെപി വലിയ പ്രതീക്ഷ വെയ്ക്കുന്ന തിരുവന്തപുരം ജില്ലയിലെ എന്‍ഡിഎയുടെ എ പ്ലസ് മണ്ഡലമാണ് വട്ടിയൂര്‍ക്കാവ്. 2011-നുശേഷം എല്‍ഡിഎഫ് യുഡിഎഫ് എന്‍ഡിഎ മുന്നണികളുടെ ത്രികോണമത്സരത്തിന് വേദിയായ മണ്ഡലം. എന്നാല്‍ ഉപതെരഞ്ഞെടുപ്പില്‍ ഇടത് സ്ഥാനാര്‍ഥി വി കെ പ്രശാന്തിന് മികച്ച ഭൂരിപക്ഷത്തിന്റെ ഏകപക്ഷീയ വിജയം നല്‍കി സ്ഥാനാര്‍ഥിയുടെ ജനകീയതയ്‌ക്കൊപ്പം നിന്ന ചരിത്രവും വട്ടിയൂര്‍ക്കാവിനുണ്ട്. 2008-ലെ മണ്ഡലപുനര്‍നിര്‍ണ്ണയത്തിനുമുന്‍പ് ഇടത് അനുകൂല മണ്ഡലമായിരുന്നെങ്കിലും വട്ടിയൂര്‍ക്കാവായതിനുശേഷം 2011-ലെയും 2016-ലെയും തെരഞ്ഞെടുപ്പുകളില്‍ കെ മുരളീധരനെ വിജയിപ്പിച്ച മണ്ഡലത്തിന്റെ ചായവ് യുഡിഎഫിനൊപ്പമായിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *