അര്‍ജന്‍റീനക്കും ബ്രസീലിനും തുടര്‍ച്ചയായ രണ്ടാം ജയം

ഫിഫ ലോകകപ്പ് യോഗത്യാ മത്സരങ്ങളില്‍ ലാറ്റിനമേരിക്കന്‍ വമ്പന്‍മാരായ അര്‍ജന്‍റീനക്കും ബ്രസീലിനും തുടര്‍ച്ചയായ രണ്ടാം ജയം. ബ്രസീല്‍ പെറുവിനെയും അര്‍ജന്‍റീന ബൊളീവിയെയും തോല്‍പ്പിച്ചു. അതേസമയം ഇക്വഡര്‍ ശക്തരായ ഉറുഗ്വെയെ അട്ടിമറിച്ചു. ചിലി- കൊളംബിയ മത്സരം സമനിലയില്‍ അവസാനിച്ചപ്പോള്‍ പരാഗ്വെ എവേ ഗ്രൗണ്ടില്‍ വെനെസ്വേലയെ മറികടന്നു.

2022 ലോകകപ്പിലേക്കുള്ള യോഗ്യത ലക്ഷ്യമിട്ടുള്ള മത്സരത്തിൽ രണ്ടിനെതിരെ നാലു ഗോളുകൾക്കാണ് ബ്രസീലിന്‍റെ മിന്നും ജയം. ഇതോടെ പോയിന്‍റ് പട്ടികയില്‍ ബ്രസീല്‍ ഒന്നാമതെത്തി. സൂപ്പര്‍ താരം നെയ്‍മര്‍ നേടിയ ഹാട്രിക്കാണ് ബ്രസീലിന്‍റെ തലവര മാറ്റിമറിച്ചത്. രണ്ട് പെനാല്‍റ്റിയിലൂടെയാണ് നെയ്‍മര്‍ ബ്രസീലിനെ അനായാസ വിജയത്തിലേക്കെത്തിച്ചത്. ഇതോടെ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയവരുടെ പട്ടികയില്‍ നെയ്‍മര്‍ രണ്ടാമതെത്തി. 64 ഗോളുകളാണ് നെയ്മര്‍ക്കുള്ളത്. ഒന്നാം സ്ഥാനത്ത് സാക്ഷാല്‍ പെലെയാണ്. 77 ഗോളുകളാണ് ബ്രസില്‍ ജഴ്സിയില്‍ പെലെയുടെ അക്കൌണ്ടിലുള്ളത്. റിച്ചാര്‍ലിസണായിരുന്നു മറ്റൊരു ഗോള്‍ നേടിയത്. ആന്ദ്രേ കാറിലോ, റെനാറ്റോ ടാപിയ എന്നിവരാണ് പെറുവിന്‍റെ ഗോളുകള്‍ നേടിയത്.

ലാതുറോ മാര്‍ട്ടിനെസ്, ജ്വാകിന്‍ കൊറിയ എന്നിവരുടെ ഗോളുകളാണ് അര്‍ജന്‍റീനക്ക് വിജയമൊരുക്കിയത്. സമുദ്രനിരപ്പിൽനിന്നും ഏറെ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ബൊളീവിയൻ തലസ്ഥാനമായ ലാ പാസിലെ സ്റ്റേഡിയത്തിലെ അര്‍ജന്‍റീനയുടെ മല്‍സരം അഗ്നിപരീക്ഷണമായിരുന്നു. ഒരു ഗോളിനു പിന്നിലായിട്ടും രണ്ടെണ്ണം തിരിച്ചടിച്ചാണ് അർജന്‍റീന വിജയത്തുടക്കമിട്ടത്. 24ാം മിനിറ്റില്‍ ബൊളീവിയ ഒരു ഗോളോടെ മുന്നിലെത്തിയപ്പോള്‍ 45ാം മിനിറ്റില്‍ മാര്‍ട്ടിനെസ് ഒരു ഗോള്‍ തിരിച്ചടിച്ചാണ് ഒപ്പമെത്തിച്ചത്. രണ്ടാം പകുതിയിലായിരുന്നു രണ്ടാം ഗോള്‍. കൊറിയയാണ് അര്‍ജന്‍റീനക്ക് ജയം സമ്മാനിച്ചത്. 2005നുശേഷം ഈ സ്റ്റേഡിയത്തിലെ അർജന്റീനയുടെ ആദ്യ ജയമാണിത്.

ചിലി- കൊളംബിയ മത്സരം 2-2 സമനിലയില്‍ പിരിഞ്ഞു. അര്‍തുറോ വിദാല്‍, അലക്‌സിസ് സാഞ്ചസ് എന്നിവര്‍ ചിലിക്കായി ഗോള്‍ നേടി. ജെഫേഴ്‌സണ്‍ ലേര്‍മ, റമദേള്‍ ഫാല്‍കാവോ എന്നിവരായിരുന്നു കൊളംബിയക്ക് ഗോളുകള്‍ സമ്മാനിച്ചവര്‍.

Spread the love

Leave a Reply

Your email address will not be published. Required fields are marked *