അരി ഗോഡൗണിലേക്കു ധാന്യങ്ങളുമായെത്തിയ ലോറിയ്ക്ക് രഹസ്യ അറ ; സൂക്ഷിച്ചിരുന്നത് രേഖകളില്ലാത്ത 1.38 കോടി രൂപ

കുറ്റിപ്പുറം: തവനൂര്‍ കൂരടയിലെ അരി ഗോഡൗണിലേക്കു ധാന്യങ്ങളുമായെത്തിയ ലോറിയുടെ രഹസ്യ അറയില്‍ സൂക്ഷിച്ചിരുന്ന രേഖകളില്ലാത്ത 1.38 കോടി രൂപ പിടികൂടി. സംസ്ഥാന എക്സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിനു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് പണം പിടികൂടിയത്.

ഇന്നലെ രാവിലെ പരിശോധന നടത്തുന്നതിനിടെ കുറ്റിപ്പാല ഭാഗത്തുവച്ചു തവനൂരിലെ കടയിലേക്കു നാഗ്പൂരില്‍നിന്ന് അരിയുള്‍പ്പടെയുള്ള സാധനങ്ങളുമായി വന്ന നാഷണല്‍ പെര്‍മിറ്റ് ലോറി തടഞ്ഞു പരിശോധിച്ചപ്പോള്‍ രഹസ്യ അറയുണ്ടെന്നു കണ്ടെത്തി.

നാഗ്പൂരില്‍നിന്ന് 25 ടണ്‍ ധാന്യങ്ങളുമായാണ് ലോറി തവനൂരിലെത്തിയത്. ഇവ തവനൂരിലെ ഗോഡൗണില്‍ ഇറക്കിയശേഷമാണ് പരിശോധന നടത്തിയത്. നാഗ്പൂരില്‍നിന്നു ഷിനോയ് എന്നയാള്‍ സഹോദരന്‍ ഷിജോയ്ക്കുവേണ്ടി അയച്ച പണമെന്നാണ് ലഭിച്ച വിവരം. ലോറി ഡ്രൈവര്‍ ചമ്രവട്ടം സ്വദേശി െവെശാഖിനെ അന്വേഷണസംഘം കസ്റ്റഡിയിലെടുത്തു.

ഇതേ ലോറിയില്‍ നിരവധി തവണ ഇത്തരത്തില്‍ പണം കടത്തിയിട്ടുണ്ടെന്നാണ് വിവരം. ലോറിയുടെ ഉള്‍വശത്തു രണ്ട് അറകളിലായി നാലു ചാക്കുകളില്‍ സൂക്ഷിച്ച നിലയിലായിരുന്നു പണം. ലോറിയുടെ ഉടമസ്ഥന്‍ രഹസ്യ അറയുണ്ടാക്കി സഹോദരനു ഡ്രൈവര്‍ വശം കൊടുത്തയച്ചതാണ് പണമെന്ന് അന്വേഷണസംഘം പറഞ്ഞു. കേസ് കുറ്റിപ്പുറം പോലീസിനു െകെമാറി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *