അമേരിക്കയില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഇന്ന്

അമേരിക്ക ഇന്ന് പോളിംഗ് ബൂത്തിലേക്ക്. ഡോണള്‍ഡ് ട്രംപും ബൈഡനും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടം. ജോ ബൈഡന് മുന്‍തൂക്കം പ്രവചിച്ച് അഭിപ്രായ സര്‍വേകള്‍. 538 അംഗ ഇലക്ടറല്‍ കോളേജിലേക്ക് 270 അംഗങ്ങളെ ലഭിക്കുന്നയാള്‍ വിജയിക്കും.വൈറ്റ്ഹൗസിലേക്ക് രണ്ടാം അങ്കം നടത്തുന്ന റിപ്പബ്ലിക്കന്‍ പാര്‍ടി സ്ഥാനാര്‍ഥി പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെതിരെ മുന്‍ വൈസ് പ്രസിഡന്റ് ജോ ബൈഡനാണ് ഡെമോക്രാറ്റിക് പാര്‍ടിയുടെ സ്ഥാനാര്‍ഥി. ബൈഡന്റെ മത്സരപങ്കാളിയായി വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് നിര്‍ദേശിക്കപ്പെട്ടിരിക്കുന്നത് ഇന്ത്യന്‍ -ആഫ്രിക്കന്‍ വംശജയായ സെനറ്റര്‍ കമല ഹാരിസ്. ഇത് ഇന്ത്യയിലും ഉദ്വേഗമുയര്‍ത്തിയിട്ടുണ്ട്.യുഎസ് കോണ്‍ഗ്രസിന്റെ പ്രതിനിധി സഭയിലെ 435 സീറ്റിലേക്കും 100 അംഗ സെനറ്റിലെ 35 സീറ്റിലേക്കും തെരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. കൂടാതെ 11 സംസ്ഥാനങ്ങളിലും രണ്ട് യുഎസ് അധീന പ്രദേശങ്ങളിലും ഗവര്‍ണര്‍ സ്ഥാനത്തേക്കുമാണ് തെരഞ്ഞെടുപ്പുണ്ട്.

തെരഞ്ഞെടുപ്പുകാലത്തെ പല പതിവുകളും മഹാമാരി മൂലം മാറ്റിവയ്ക്കേണ്ടിവന്ന ഇത്തവണ മുന്‍കൂര്‍ വോട്ടും തപാല്‍ വോട്ടും വളരെ വര്‍ധിച്ചതിനാല്‍ 9.3 കോടി വോട്ടര്‍മാര്‍ ഞായറാഴ്ചയ്ക്കകം വോട്ട് ചെയ്തുകഴിഞ്ഞു. കഴിഞ്ഞതവണ ആകെ പോള്‍ ചെയ്ത വോട്ടിന്റെ 65 ശതമാനത്തിലധികമാണിത്.

2016ല്‍ ഹിലരി ക്ലിന്റനെക്കാള്‍ 30 ലക്ഷത്തോളം വോട്ട് കുറവായിട്ടും ചാഞ്ചാട്ട സംസ്ഥാനങ്ങള്‍ പിടിച്ച് ഇലക്ടറല്‍ കോളേജില്‍ ഭൂരിപക്ഷം നേടിയതാണ് ട്രംപിന് തുണയായത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *