അമേരിക്കന്‍ പ്രസിഡന്‍റായി ഡോണള്‍ഡ് ട്രംപിന് ഇന്ന് അവസാന ദിനം

ഡോണള്‍ഡ് ട്രംപിന് വൈറ്റ്ഹൌസില്‍ ഇന്ന് അവസാന ദിവസം. അവസാന മണിക്കൂറുകളില്‍ സുപ്രധാന തീരുമാനങ്ങളെടുക്കുമോ ട്രംപെന്ന് ഉറ്റുനോക്കുകയാണ് ലോകം. നാളെയാണ് അമേരിക്കയുടെ പുതിയ പ്രസിഡന്‍റായി ജോ ബൈഡന്‍ അധികാരമേല്‍ക്കുക. സത്യപ്രതിജ്ഞാ ചടങ്ങില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ തന്നെ ആക്രമണം നടത്തിയേക്കാമെന്ന മുന്നറിയിപ്പുള്ളതിനാല്‍ കനത്ത സുരക്ഷയിലാണ് വാഷിങ്ടണ്‍ ഡിസി.

ഒടുവില്‍ ഡോണൾഡ് ട്രംപ് നാളെ പടിയിറങ്ങുകയാണ്. വൈറ്റ്ഹൌസില്‍ തന്നെ അള്ളിപ്പിടിച്ചിരിക്കാനുള്ള അവസാനതന്ത്രവും പാളിയതോടെ മനസ്സില്ലാ മനസ്സോടെ ഫ്ലോറിഡയിലേക്ക് പറക്കാനാണ് ട്രംപിന്‍റെ നീക്കം. ബൈഡന്‍റെ സത്യപ്രതിജ്ഞക്കു മുമ്പേ ട്രംപ് വാഷിങ്ടൺ ഡിസി വിടും.

അവസാന മണിക്കൂറുകളില്‍ അസാധാരണ നടപടികള്‍ക്ക് വല്ലതിനും ട്രംപ് മുതിരുമോ എന്ന് ലോകം ഉറ്റുനോക്കുന്നു. ട്രംപിന്‍റെ അടുപ്പക്കാരായ പലര്‍ക്കും ട്രംപ് ശിക്ഷാ നടപടികളില്‍‌ നിന്നും മാപ്പ് നല്‍കി. തെരഞ്ഞെടുപ്പില്‍ റഷ്യന്‍ ഇടപെടലുണ്ടായെന്നും ട്രംപിന് അനുകൂലമായി അട്ടിമറികള്‍ നടന്നുവെന്നുമുള്ള സംഭവത്തില്‍ ഉള്‍പ്പെട്ടവരടക്കം നിരവധി പേര്‍ക്കാണ് മാപ്പ് നല്‍കിയിരിക്കുന്നത്.

പടിയിറങ്ങും മുമ്പ് കോവിഡ് നിയന്ത്രണങ്ങളും നീക്കുകയാണ് ട്രംപ്. കോവിഡ് യാത്രാ നിയന്ത്രണങ്ങളില്‍ 26 മുതല്‍ ഇളവ് പ്രഖ്യാപിച്ചു ട്രംപ്. യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഉള്‍പ്പെടെയാണ് ട്രംപ് ഇളവ് പ്രഖ്യാപിച്ചത്. ഇനി അവസാന നിമിഷങ്ങളില്‍ മറ്റ് വല്ല തീരുമാനങ്ങള്‍ക്കും ട്രംപ് ശ്രമം നടത്താം. കോവിഡ് നിയന്ത്രണങ്ങളിലെ ഇളവുകള്‍ക്കെതിരെ ജോ ബൈഡന്‍ രംഗത്തുവന്നിട്ടുണ്ട്.

ബുധനാഴ്ച ഇന്ത്യന്‍ സമയം രാത്രി 9.30നാണ് ബൈഡന്‍റെ സത്യപ്രതിജ്ഞാ ചടങ്ങ് തുടങ്ങുക. കാപിറ്റല്‍ മന്ദിരത്തിലുണ്ടായ കലാപം പോലെ സത്യപ്രതിജ്ഞാ ദിനത്തിലും ആക്രമണം ഉണ്ടാകുമെന്ന് എഫ്ബിഐ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സത്യപ്രതിജ്ഞാ ചടങ്ങിന് മുന്നോടിയായി 25000 നാഷണൽ ഗാർഡ് അംഗങ്ങളെയാണ് വാഷിങ്ടൺ ഡിസിയിൽ നിയോഗിച്ചിട്ടുള്ളത്. ഇവരിൽ നിന്നു വരെ ആക്രമണം ഉണ്ടാകാമെന്ന് എഫ്ബിഐ ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. അതിനാല്‍ പഴുതടച്ച സുരക്ഷയാണ് വാഷിങ്ടനില്‍ ഒരുക്കിയിട്ടുള്ളത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *