അനുമതിയില്ലാതെ ഇങ്ങോട്ട് വരേണ്ടെന്ന് സി.ബി.ഐയോട് മഹാരാഷ്ട്ര; റിപബ്ലിക് ടിവിക്ക് കുരുക്ക് മുറുകുന്നു

സംസ്ഥാനത്തെ കേസുകൾ ഏറ്റെടുത്ത് അന്വേഷിക്കാൻ കേന്ദ്ര ഏജൻസിയായ സിബിഐക്കുള്ള അനുമതി മഹാരാഷ്ട്ര സർക്കാർ പിൻവലിച്ചു. ഇനി സംസ്ഥാനത്തിനുള്ളിലെ കേസുകള്‍ അന്വേഷിക്കാന്‍ സിബിഐക്ക് സംസ്ഥാന സര്‍ക്കാരിന്‍റെ അനുമതി വേണം. റിപബ്ലിക് ടിവി ഉള്‍പ്പെടെയുള്ള ചാനലുകളുടെ റേറ്റിങ് തട്ടിപ്പ് സംബന്ധിച്ച് ഉത്തര്‍പ്രദേശില്‍ രജിസ്റ്റര്‍ ചെയ്ത കേസ് അന്വേഷണം സിബിഐ ഏറ്റെടുത്തതിന് പിന്നാലെയാണ് മഹാരാഷ്ട്ര സര്‍ക്കാരിന്‍റെ ഈ തീരുമാനം.

റിപബ്ലിക് ടിവി ഉള്‍പ്പെടെയുള്ള ചാനലുകള്‍ക്കെതിരായ റേറ്റിങ് തട്ടിപ്പ് മഹാരാഷ്ട്രയില്‍ നിലവില്‍ മുംബൈ പൊലീസാണ് അന്വേഷിക്കുന്നത്. നടന്‍ സുശാന്ത് സിങിന്‍റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ സംഭവിച്ചത് ഇവിടെ ആവര്‍ത്തിക്കാതിരിക്കാനാണ് ഉദ്ധവ് സര്‍ക്കാരിന്‍റെ നീക്കം. സുശാന്ത് കേസില്‍ ബിഹാറില്‍ കേസ് രജിസ്റ്റര്‍ ചെയ്തതോടെ അന്വേഷണം സിബിഐയുടെ കയ്യിലെത്തുകയായിരുന്നു. ഈ കേസ് ബിജെപി രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കുകയും ചെയ്തു. മുംബൈ പൊലീസ് പ്രതികളെ സംരക്ഷിക്കുകയാണെന്നാണ് ബിജെപി ആരോപിച്ചത്. റിപബ്ലിക് ടിവിയാകട്ടെ സംസ്ഥാന സര്‍ക്കാരിനെയും മുംബൈ പൊലീസിനെയും ലക്ഷ്യമിട്ട് നിരന്തരം വാര്‍ത്ത നല്‍കി.

റിപബ്ലിക് ടിവിക്കെതിരായ റേറ്റിങ് തട്ടിപ്പ് കേസ് സിബിഐക്ക് കൈമാറണമെന്നാണ് ചാനല്‍ അധികൃതര്‍ ആവശ്യപ്പെട്ടത്. മുംബൈ പൊലീസ് അന്വേഷണത്തില്‍ നീതി കിട്ടില്ലെന്നാണ് ചാനലിന്‍റെ ആരോപണം.

നേരത്തെ പശ്ചിമ ബംഗാള്‍, രാജസ്ഥാൻ, ഛത്തീസ്ഗഢ്, ആന്ധ്ര പ്രദേശ് എന്നീ സംസ്ഥാനങ്ങൾ സി.ബി.ഐ അന്വേഷണത്തിന്‍റെ കാര്യത്തിൽ മഹാരാഷ്ട്രയുടേതിന് സമാന തീരുമാനമെടുത്തിട്ടുണ്ട്. അതേസമയം നിലവില്‍ സിബിഐ അന്വേഷിക്കുന്ന സുശാന്ത് സിങ് രാജ്പുതിന്‍റെ മരണവുമായി ബന്ധപ്പെട്ട കേസ് അന്വേഷണത്തെ പുതിയ തീരുമാനം ബാധിക്കില്ല. സുപ്രീംകോടതി നിർദേശ പ്രകാരമുള്ള അന്വേഷണമായതിനാൽ സംസ്ഥാന സർക്കാറിന്‍റെ അനുമതി ആവശ്യമില്ല.

ടെലിവിഷന്‍ റേറ്റിങിനായി ബാര്‍ക് ഏര്‍പ്പെടുത്തിയ സംവിധാനത്തിലാണ് റിപബ്ലിക് ടിവി കൃത്രിമം കാണിച്ചത്. പ്രേക്ഷകര്‍ ഏതൊക്കെ ചാനലുകള്‍ കാണുന്നുവെന്ന് കണ്ടെത്താനുള്ള ബാര്‍ക് മീറ്ററുകള്‍ സ്ഥാപിച്ച വീടുകളിലെത്തി പണം വാഗ്താനം ചെയ്ത് സ്വാധീനിക്കാനാണ് റിപബ്ലിക് ടിവി ശ്രമിച്ചതെന്ന് മുംബൈ പൊലീസ് പറയുന്നു. റിപബ്ലിക് ടിവി കാണാന്‍ പ്രേക്ഷകര്‍ക്ക് പണം വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. അത്തരത്തില്‍ പണം ലഭിച്ചവരുടെ സാക്ഷിമൊഴിയും പുറത്തുവന്നിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *