അതിർത്തി സംഘർഷങ്ങൾക്കിടെ ചൈനീസ് പിന്തുണയുള്ള ബാങ്കിൽ നിന്ന് 9202 കോടി രൂപ വായ്പയെടുത്ത് ഇന്ത്യ

അതിർത്തിയിൽ തുടരുന്ന സംഘർഷങ്ങൾക്കിടെ ചൈനീസ് പിന്തുണയുള്ള ബാങ്കുകളിൽ നിന്ന് 9202 കോടി രൂപ വായ്പയെടുത്ത് ഇന്ത്യ. ഏഷ്യൻ ഇൻഫ്രാസ്ട്രക്ചർ ബാങ്കിൽ നിന്നാണ് ഇന്ത്യ രണ്ട് തവണയായി ഈ പണം വായ്പയെടുത്തത്. കേന്ദ്രധന സഹമന്ത്രി അനുരാഗ് ഠാക്കൂര്‍ ആണ് പാര്‍ലമെൻ്റിൽ വെച്ച് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.

ഏഷ്യൻ ഇൻഫ്രാസ്ട്രക്ചർ ബാങ്കിൽ നിന്ന് വായ്പ എടുക്കാൻ രണ്ട് കരാറുകളാണ് മെയ്, ജൂൺ മാസങ്ങളിലായി കേന്ദ്രസർക്കാർ ഒപ്പിട്ടത്​. മെയ് എട്ടിന് 3676 കോടി വായ്​പയെടുക്കാനുള്ള ആദ്യ കരാർ ഒപ്പിട്ടു. ഗാൽവാൻ താഴ്‌വരയിൽ പ്രശ്നമുണ്ടായതിനു നാല് ദിവസങ്ങൾക്കു ശേഷം, ജൂൺ 19ന് 5,514 കോടി വായ്​പയെടുക്കാനായി രണ്ടാമതൊരു കരാർ കൂടി ഒപ്പിട്ടു. വായ്പാ തുകകളിൽ 1847 കോടി രൂപ ഏഷ്യൻ ഇൻഫ്രാസ്​ട്രക്​ചർ ബാങ്ക്​ ഇന്ത്യക്ക്​ കൈമാറിയിട്ടുണ്ട്​. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി എടുത്ത വായ്പ ആണെന്നാണ് അനുരാഗ് ഠാക്കൂര്‍ വിശദീകരിച്ചത്.

ഏഷ്യൻ മേഖലയുടെ സാമ്പത്തിക ഉന്നമനത്തിനായി സ്ഥാപിക്കപ്പെട്ട ബഹുരാഷ്ട്ര ബാങ്കാണ് ഏഷ്യൻ ഇൻഫ്രാസ്ട്രക്ചർ ബാങ്ക് അഥവാ എഐഐബി. ചൈനയിലെ ബീജിംഗ് ആണ് ബാങ്കിൻ്റെ ആസ്ഥാനം. 2016 ജനുവരിൽ പ്രവർത്തനം ആരംഭിച്ച ബാങ്കിൻ്റെ തുടക്ക കാലം മുതൽ ഇന്ത്യയും അംഗമാണ്. എന്നാൽ 26.61 ശതമാനം ഓഹരിയുള്ള ചൈനയാണ് ബാങ്കിലെ ഏറ്റവും വലിയ ഓഹരിയുടമ. ഇന്ത്യക്കുള്ളത് 7.6 ശതമാനം ഓഹരിയാണ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *