ഹാദിയ കേസ്: എന്‍.ഐ.എ വീണ്ടും തല്‍സ്ഥിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

ഹാദിയ കേസ് അന്വേഷിക്കുന്ന ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) സുപ്രിംകോടതിയില്‍ രണ്ടാമതും തല്‍സ്ഥിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. മുദ്രവച്ച കവറിലാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. വിവാഹം റദ്ദാക്കിയതിനെ തുടര്‍ന്ന് വീട്ടുതടങ്കലിലായ ഹാദിയയില്‍ നിന്ന് കഴിഞ്ഞ ആഴ്ച എന്‍.ഐ.എ സംഘം മൊഴിയെടുത്തിരുന്നു.

വൈക്കത്തുള്ള ഹാദിയയുടെ വീട്ടിലെത്തിയാണ് സംഘം ഹാദിയയുടെയും കുടുംബാംഗങ്ങളുടെയും മൊഴി രേഖപ്പെടുത്തിയിരുന്നത്. തുടര്‍ന്ന് ഹാദിയയുടെ ഭര്‍ത്താവ് ഷെഫിന്‍ ജഹാനോട് കഴിഞ്ഞ ദിവസം ചോദ്യംചെയ്യലിന് ഹാജരാവണമെന്നാവശ്യപ്പെട്ട് എന്‍.ഐ.എ നോട്ടിസ് നല്‍കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് രണ്ടാമത്തെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്. കഴിഞ്ഞമാസം 27നാണ് ഇതിനു മുന്‍പ് എന്‍.ഐ.എ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

തിങ്കളാഴ്ച സുപ്രിംകോടതിയില്‍ ഹാജരാക്കുന്ന ഹാദിയയുടെ മൊഴി തുറന്ന കോടതിയില്‍ കേള്‍ക്കരുതെന്ന് ആവശ്യപ്പെട്ട് പിതാവ് അശോകന്‍ നല്‍കിയ ഹരജി പരിഗണിക്കാന്‍ കഴിഞ്ഞ ദിവസം കോടതി വിസമ്മതിച്ചിരുന്നു. ഹാദിയയെ കോടതിയില്‍ ഹാജരാക്കുന്ന 27ന് മുന്‍പ് കേസുമായി ബന്ധപ്പെട്ട ഒരു അപേക്ഷയും പരിഗണിക്കില്ലെന്നും ആവശ്യമെങ്കില്‍ ഹരജി തിങ്കളാഴ്ച പരിഗണിക്കാമെന്നും കോടതി വ്യക്തമാക്കിയിരുന്നു.

You may also like ....

Leave a Reply

Your email address will not be published. Required fields are marked *