സ്വപ്ന എവിടെയാണെന്ന് അറിയില്ല, രണ്ട് ദിവസം മുന്‍പാണ് വക്കാലത്ത് ലഭിച്ചതെന്ന് അഭിഭാഷകന്‍

രണ്ട് ദിവസം മുൻപാണ് സ്വര്‍ണ കള്ളക്കടത്ത് കേസിലെ ആരോപണ വിധേയയായ സ്വപ്ന സുരേഷിന്റെ വക്കാലത്ത് തനിക്ക് ലഭിച്ചതെന്ന് അഡ്വ രാജേഷ് കുമാർ. സ്വപ്ന ഇപ്പോൾ എവിടെയാണെന്ന് തനിക്കറിയില്ല. ജാമ്യാപേക്ഷ നൽകാൻ സ്വപ്ന നേരിട്ടെത്തേണ്ട ആവശ്യമില്ല. മുൻകൂർ ജാമ്യാപേക്ഷ നൽകിയതുകൊണ്ട് കീഴടങ്ങുന്നതിനോ അറസ്റ്റിനോ തടസമില്ലെന്നും അഭിഭാഷകൻ പറഞ്ഞു.

“സ്വപ്ന കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ ഇല്ലയോ എന്നൊക്കെ കോടതിയും കസ്റ്റംസുമാണ് പറയേണ്ടത്. ഉദ്യോഗസ്ഥര്‍ പറയട്ടെ അവര്‍ക്ക് പറയാനുള്ളത്. ഞങ്ങള്‍ക്ക് പറയാനുള്ളത് കോടതിയില്‍ പറയു”മെന്നും രാജേഷ് കുമാര്‍ പറഞ്ഞു.

തിരുവനന്തപുരം സ്വർണക്കടത്ത് കേസില്‍ നിരപരാധിയെന്ന് ചൂണ്ടിക്കാട്ടിയാണ് സ്വപ്ന സുരേഷ് ഹൈക്കോടതിയിൽ മുന്‍ജാമ്യാപേക്ഷ നല്‍കിയത്. യുഎഇ കോൺസുലേറ്റിന്റെ ചാർജുള്ള റാഷിദ് ഖാമിസ പറഞ്ഞിട്ടാണ് താൻ ഈ വിഷയത്തിൽ ഇടപെട്ടത്. തനിക്ക് ക്രിമിനൽ പശ്ചാത്തലമില്ല. കേസിലേക്ക് മാധ്യമങ്ങൾ തന്നെ അനാവശ്യമായി വലിച്ചിഴയ്ക്കുകയാണെന്നും സ്വപ്ന ഹരജിയില്‍ പറയുന്നു.

ജൂൺ 30നാണ് ബാഗേജ് കാർഗോ കോംപ്ലക്സിലെത്തിയത്. ബാഗേജ് വിട്ടുകിട്ടാതെ വന്നതോടെ കസ്റ്റംസിനെ ബന്ധപ്പെടാൻ റാഷിദ് ഖാമിസ് ആവശ്യപ്പെട്ടു. ഇതനുസരിച്ച് കസ്റ്റംസ് അസി.കമ്മീഷണറെ താൻ ബന്ധപ്പെട്ടെന്ന് മുൻകൂർ ജാമ്യഹർജിയിൽ സ്വപ്ന വ്യക്തമാക്കുന്നു. ബാഗേജ് വിട്ടുകിട്ടണമെന്ന് കാട്ടി അപേക്ഷ തയാറാക്കാനും തന്നോട് ആവശ്യപ്പെട്ടിരുന്നു. താൻ തയാറാക്കിയ അപേക്ഷ ഖാമിസിന് ഇ മെയിൽ ചെയ്തിട്ടുണ്ട്. ബാഗേജ് പിടിച്ചുവെച്ചതോടെ ജൂലൈ 3ന് ഇത് തിരിച്ചയക്കാൻ യുഎഇ നയതന്ത്ര പ്രതിനിധിയുടെ ഭാഗത്ത് നിന്ന് ശ്രമം നടന്നു. സ്വർണം പിടിച്ചതോടെ ഭക്ഷ്യവസ്തുക്കൾ മാത്രമാണ് തന്റേതെന്ന് നയതന്ത്ര പ്രതിനിധി കസ്റ്റംസിനെ അറിയിച്ചെന്നും ഹർജിയിലുണ്ട്.

യുഎഇ കോൺസുലേറ്റിലെ ജോലി അവസാനിപ്പിച്ചതാണ്. എന്നാൽ പ്രവൃത്തിപരിചയം കണക്കിലെടുത്ത് കോവിഡ് പശ്ചാത്തലത്തിൽ ചില സഹായങ്ങൾ ചെയ്തുനൽകാറുണ്ടെന്നും മുൻകൂർ ജാമ്യഹർജിയിൽ പറയുന്നു. മുൻകൂർ ജാമ്യഹർജി ഹൈക്കോടതി നാളെയാകും പരിഗണിക്കുക.

You may also like ....

Leave a Reply

Your email address will not be published. Required fields are marked *