യോഗിക്കെതിരെ നിയമപോരാട്ടം നടത്തിയ മാധ്യമപ്രവർത്തകന് ബലാത്സംഗക്കേസിൽ ജീവപര്യന്തം ശിക്ഷ

ഗൊരഖ്പൂർ കലാപത്തിൽ യോഗി ആദിത്യനാഥിനെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ട് നിയമപോരാട്ടം നടത്തിയ മാധ്യമപ്രവർത്തകന് കൂട്ടബലാത്സംഗ കേസിൽ ജീവപര്യന്തം ശിക്ഷ വിധിച്ചു. ഗോരഖ്പൂരിലെ മാധ്യമപ്രവര്‍ത്തനായ പര്‍വേസ് പര്‍വാസ്, കൂട്ടുപ്രതിയായ മെഹ്മൂദ് അലിയാസ് ജുമാജ് എന്നിവർക്കെതിരെയാണ് ശിക്ഷ വിധിച്ചത്. ഗോരഖ്പൂരിലെ ജില്ലാ സെഷൻസ് കോടതിയുടേതാണ് വിധി. 2018 ലാണ് ഇരുവരേയും ബലാത്സംഗ കേസിൽ അറസ്റ്റ് ചെയ്തത്. കോടതി വിധിയ്ക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് പർവാസിന്റെ അഭിഭാഷകൻ പറഞ്ഞു.

വാദങ്ങൾ പൂർണമായും കേൾക്കാതെയാണ് വിധി പുറപ്പെടുവിച്ചത്ഞങ്ങളുടെ രേഖാമൂലമുള്ള വാദങ്ങളും സമർപ്പിക്കാൻ കോടതി അനുവദിച്ചില്ലെന്നും പാർവാസിന്റെ അഭിഭാഷകൻ പറഞ്ഞു. 2007 ജനുവരിയില്‍ മുസ്‌ലിംകള്‍ക്കെതിരെ പ്രകോപനപരമായ പ്രസംഗം നടത്തുകയും ജനങ്ങളെ കലാപത്തിന് പ്രേരിപ്പിക്കുകയായിരുന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് പർവേസ് പോലീസിൽ പരാതി നലൽകിയത്. യോഗിക്കെതിരെ സിഡി ഉൾപ്പെടെയുള്ള തെളിവുകളോടെയായിരുന്നു പരാതി നൽകിയത്. എന്നാൽ അലഹബാദ് ഹൈക്കോടതി കേസ് തള്ളുകയായിരുന്നു.

യോഗിയുടെ പ്രസംഗത്തിന്റെ വീഡിയോ കേടുവന്നതു കാരണം തെളിവില്ല എന്ന കാരണത്താലാണ് കേസ് തള്ളിയത്. ഇതിനെതിരെ പര്‍വേസ് സുപ്രീം കോടതിയെ സമീപിച്ചിരുന്നു. യോഗി ആദിത്യനാഥ്, ഗോരഖ്പൂര്‍ മണ്ഡലത്തിലെ ബിജെപി എംഎല്‍എ രാധാമോഹന്‍ദാസ് അഗര്‍വാള്‍, ബിജെപി എംപി ശിവ പ്രതാപ് ശുക്ല, ബിജെപി മേയര്‍ അജ്ഞു ചൗധരി, ബിജെപി പ്രവര്‍ത്തകനായ വൈഡി സിങ് എന്നിവർക്കെതിരെയായിരുന്നു പർവേസ് കോടതിയിൽ പരാതി നൽകിയത്. ആദിത്യനാഥിനെതിരെ ആരോപണം ഉന്നയിച്ചതുമുതൽ തനിക്കെതിരെ വ്യാജ ക്രിമിനൽ കുറ്റങ്ങൾ ഉൾപ്പെടെ നിരവധി ഭീഷണികൾ നേരിടേണ്ടി വന്നിട്ടുണ്ടെന്ന് പർവേസ് പറഞ്ഞതായി ദി വയർ റിപ്പോർട്ട് ചെയ്തു. കലാപാഹ്വാനം, ബലാത്സംഗം എന്നീ കേസുകൾ തനിക്കെതിരെ ആരോപിക്കുകയായിരുന്നുവെന്നും ഇയാൾ പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *