മന്‍സൂര്‍ വധം: വിലാപയാത്രക്കിടെ അക്രമം; സി.പി.എം ഓഫീസുകള്‍ക്ക് തീയിട്ടു

കണ്ണൂർ: കൂത്തുപറമ്പിൽ കൊല്ലപ്പെട്ട മുസ്ലീം ലീഗ് പ്രവർത്തകൻ മൻസൂറിന്റെ മൃതദേഹവും വഹിച്ചുള്ള വിലാപയാത്രക്കിടെ പാനൂരിൽ സിപിഎം ഓഫീസുകൾക്ക് നേരെ വ്യാപക അക്രമണം. സിപിഎം പെരിങ്ങത്തൂർ ലോക്കൽ കമ്മിറ്റി ഓഫീസ് തീവെച്ചു നശിപ്പിച്ചു. പാനൂർ ടൗൺ ബ്രാഞ്ച് കമ്മിറ്റി, ആച്ചിമുക്ക് ബ്രാഞ്ച് കമ്മിറ്റി ഓഫീസുകളും തീവെച്ചു നശിപ്പിച്ചിട്ടുണ്ട്. കടകൾക്ക് നേരേയും ആക്രമണമുണ്ടായി.

കോഴിക്കോട് മെഡിക്കൽ കോളേജിൽ നടന്ന പോസ്റ്റ്മോർട്ടത്തിന് ശേഷം വൈകീട്ടോടെ ആരംഭിച്ച വിലാപ യാത്രയ്ക്കിടെയാണ് സി.പി.എം ഓഫീസുകൾക്ക് നേരെ ആക്രമണമുണ്ടായത്.

വോട്ടെടുപ്പ് ദിനം രാത്രി എട്ട് മണിയോടെയാണ് മൻസൂറിന് നേരെ ആക്രമണമുണ്ടായത്. ഓപ്പൺ വോട്ട് സംബന്ധിച്ച തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്. വീടിന് മുന്നിൽവെച്ച് ബോംബെറിഞ്ഞ ശേഷം മൻസൂറിനെ അക്രമികൾ വെട്ടിവീഴ്ത്തുകയായിരുന്നു. സഹോദരൻ മുഹ്സിനും വെട്ടേറ്റു. പരിക്കേറ്റ ഇരുവരെയും ആദ്യം തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മൻസൂറിന്റെ നില ഗുരുതരമായതിനാൽ പിന്നീട് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ ചികിത്സയിലിരിക്കെ ബുധനാഴ്ച പുലർച്ചെയോടെയാണ് മൻസൂർ മരിച്ചത്.

You may also like ....

Leave a Reply

Your email address will not be published. Required fields are marked *