നാളെ പൊളിക്കും പാലാരിവട്ടം പാലം

പാലാരിവട്ടം മേല്‍പ്പാലം പൊളിച്ചുപണിയാനുള്ള നടപടികള്‍ നാളെ ആരംഭിക്കും. പാലത്തിന്റെ 35 ശതമാനം ഭാഗം മാത്രമായിരിക്കും പൂർണമായി പൊളിച്ചു നീക്കുക. പുതുക്കി പണിയുന്നതോടെ പാലത്തിന്റെ ആയുസ്സ് 100 വര്‍ഷമായി വര്‍ധിപ്പിക്കാന്‍ കഴിയുമെന്നാണ് വിദഗ്ധ സമിതി റിപ്പോർട്ട്.

ടാറിങ് നീക്കുന്ന ജോലികള്‍ ഒരാഴ്ച കൊണ്ട് പൂര്‍ത്തിയാക്കും. നീക്കം ചെയ്യുന്ന അവശിഷ്ടങ്ങൾ മുട്ടം യാർഡിലേക്ക് മാറ്റും. ഗർഡറുകൾ നീക്കം ചെയ്യുകയാണ് അടുത്ത പടി. യന്ത്രങ്ങളുടെ സഹായത്തോടെ പാലത്തിലെ മുഴുവൻ ഗർഡറുകളും മുറിച്ച് മാറ്റും.

പുതിയ പാലത്തിന് പ്രീ സ്ട്രെസ്ഡ് കോണ്‍ക്രീറ്റ് ഗര്‍ഡറുകളാണ് സ്ഥാപിക്കുക. പാലത്തിന്റെ മധ്യഭാഗത്തുള്ള സ്പാനുകളും പിയര്‍ ക്യാപുകളും പൂര്‍ണമായും മറ്റ് ഭാഗത്തുള്ളവ ഭാഗികമായും നീക്കം ചെയ്യും.

10 മാസം സമയമാണ് പാലം പുതുക്കി പണിയാന്‍ നേരത്തെ കണക്കാക്കിയതെങ്കില്‍ മഴമാറി നില്‍ക്കുന്ന സാഹചര്യത്തില്‍ 8 മാസം കൊണ്ട് പാലം പണി പൂര്‍ത്തിയാക്കും. പതിനെട്ടരക്കോടി രൂപയാണ് പാലാരിവട്ടം പാലം പൊളിച്ച് പണിയാനുള്ള ചിലവ് കണക്കാക്കുന്നത്.

പാലത്തിന്റെ ടാറിങ് അവശിഷ്ടങ്ങൾ റോഡ് നിർമാണത്തിന് തന്നെ പുനരുപയോഗിക്കും. പൊളിച്ച് മാറ്റുന്ന ഗർഡറുകളുടെ അവശിഷ്ടങ്ങൾ കടൽഭിത്തി നിർമ്മാണത്തിനടക്കം ഉപയോഗിക്കാനുള്ള സാധ്യതകളാണ് സർക്കാർ തേടുന്നത്. ഭാരപരിശോധന നടത്തണമെന്ന ഹൈക്കോടതി വിധിക്കെതിരെ സര്‍ക്കാര്‍ സമര്‍പ്പിച്ച ഹരജി പരിഗണിച്ചാണ് പാലം പൊളിച്ചു പണിയാന്‍ സുപ്രീംകോടതി അനുമതി നല്‍കിയത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *