തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് മാറ്റിവയ്ക്കില്ല. കൊവിഡ് പെരുമാറ്റച്ചട്ടത്തോടെ വോട്ടെടുപ്പ് ഒക്ടോബര്‍ അല്ലെങ്കില്‍ നവംബര്‍ മാസത്തില്‍ നടത്താനാണ് തീരുമാനം. 65 കഴിഞ്ഞവര്‍ക്ക് വോട്ടു ചെയ്യാനായി ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കും. പുതുക്കിയ വോട്ടര്‍ പട്ടിക ആഗസ്റ്റ് രണ്ടാംവാരത്തില്‍ പ്രസിദ്ധീകരിക്കും.
കൊവിഡ് കാലത്ത് രാജ്യത്ത് നടക്കുന്ന ആദ്യ തിരഞ്ഞെടുപ്പെന്ന നിലയില്‍ കേരളത്തിലെ തദ്ദേശ തിരഞ്ഞെടുപ്പ് കൊവിഡ് പ്രോട്ടോക്കോളിന്റെ അടിസ്ഥാനത്തിലായിരിക്കും നടത്തുക. പെരുമാറ്റച്ചട്ടവും മറ്റ് ക്രമീകരണങ്ങളും തയ്യാറാക്കുന്നത് കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരിക്കും. ഒക്ടോബര്‍ അവസാനമോ നവംബര്‍ ആദ്യമോ തിരഞ്ഞെടുപ്പ് നടത്താനാണ് ശ്രമമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വി.ഭാസ്ക്കരന്‍ അറിയിച്ചു.
അതേസമയം 65വയസ് കഴിഞ്ഞവര്‍ക്ക് പോസ്റ്റല്‍/ പ്രോക്സി വോട്ട് അനുവദിക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും ഇപ്പോള്‍ 75 കഴിഞ്ഞവര്‍ക്ക് ഈ സൗകര്യം അനുവദിക്കാനാണ് സാദ്ധ്യത. 65 കഴിഞ്ഞവര്‍ക്ക് വോട്ടുചെയ്യാന്‍ എത്താന്‍ ബുദ്ധിമുട്ടുണ്ടാകില്ലെന്ന വിലയിരുത്തലിലാണിത്. ആരോഗ്യവിദഗ്ദ്ധരുമായുള്ള ചര്‍ച്ച പുരോഗമിക്കുന്നു. ആഗസ്റ്റ് രണ്ടാം വാരത്തോടെ ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകും.