ട്രെയിനില്‍ പരിചയപ്പെട്ടയാളുടെ വീട്ടില്‍ പൂജാരി ചമഞ്ഞെത്തി, ദിവസങ്ങളോളം താമസിച്ചു; തട്ടിപ്പ് നടത്തിയ യുവാവ് അറസ്റ്റില്‍

ആലപ്പുഴ: ട്രെയിനില്‍ പരിചയപ്പെട്ടയാളുടെ വീട്ടില്‍ പൂജാരി ചമഞ്ഞ് താമസിച്ച്‌ സാമ്ബത്തിക തട്ടിപ്പു നടത്തിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. വയനാട് സ്വദേശി ഫൈസലിനെ (36) യാണ് അറസ്റ്റ് ചെയ്തത്. രഹസ്യാന്വേഷണ വിഭാഗത്തിനു ലഭിച്ച വിവരത്തെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഫൈസല്‍ അറസ്റ്റിലായത്.

ആലപ്പുഴയിലെ ചൂനക്കരയിലുള്ള വീട്ടില്‍ സംശയകരമായ നിലയില്‍ യുവാവ് വന്ന് പോകുന്നുവെന്നാണ് പൊലീസിന് ലഭിച്ച വിവരം. ചൂനക്കര സ്വദേശിയായ യുവാവ് ചങ്ങനാശേരിയില്‍ പഠിക്കുമ്ബോള്‍ കോളജിലേക്കുള്ള ട്രെയിന്‍ യാത്രയ്ക്കിടയിലാണ് ഫൈസലിനെ പരിചയപ്പെട്ടത്. വിശാല്‍ നമ്ബൂതിരി എന്ന് സ്വയം പരിചയപ്പെടുത്തിയ ഇയാള്‍ പിന്നീട് കോമല്ലൂരിലെ യുവാവിന്റെ വീട്ടില്‍ വരാന്‍ തുടങ്ങി. താന്‍ പൂജാരിയാണെന്നും ക്ഷേത്രങ്ങളില്‍ പ്രതിഷ്ഠകള്‍ നടത്തിയിട്ടുണ്ടെന്നും ഫൈസല്‍ വീട്ടുകാരെ പറഞ്ഞ് വിശ്വസിപ്പിച്ചു. ഇയാള്‍ വീട്ടില്‍ വരുന്ന ദിവസങ്ങളില്‍ മത്സ്യമോ മാംസമോ ഉപയോഗിക്കരുതെന്നും ആവശ്യപ്പെട്ടിരുന്നു. ആറു ഭാഷകള്‍ അറിയാമെന്നും വീട്ടുകാരെ വിശ്വസിപ്പിച്ചു.

വെള്ളമുണ്ട് മാത്രം ധരിക്കുന്ന ഫൈസല്‍ എപ്പോഴും ‘പൂണൂല്‍’ ഇടുമായിരുന്നു. കഴിഞ്ഞ ഒന്നര ആഴ്ച ഫൈസല്‍ കോമല്ലൂരിലെ യുവാവിന്റെ വീട്ടില്‍ കഴിഞ്ഞു. വീട്ടിലെ ആരാധനാസ്ഥലം പുതുക്കിപ്പണിയണമെന്ന ഫൈസലിന്റെ ഉപദേശം അനുസരിച്ച്‌ വീട്ടുകാര്‍ പണി പൂര്‍ത്തിയാക്കി. ഇതിനിടെയാണ് യുവാവിന്റെ ജ്യേഷ്ഠന് ജോലി തരപ്പെടുത്തിക്കൊടുക്കാമെന്ന് പറഞ്ഞ് അന്‍പതിനായിരം രൂപ വാങ്ങിയത്. നേട്ടമുണ്ടാകാന്‍ ഏലസ് പൂജിച്ച്‌ ധരിക്കണമെന്ന നിര്‍ദേശവും വീട്ടുകാര്‍ അനുസരിച്ചു. വാട്സാപ്, ഫെയ്സ്ബുക് എന്നിവ ഉപയോഗിക്കുന്നത് ഈശ്വരകോപത്തിനിടയാക്കുമെന്നും വീട്ടുകാരെ ധരിപ്പിച്ചു.

ഫൈസലിന്റെ പക്കല്‍ നിന്ന് പൊലീസ് ഏലസുകള്‍ കണ്ടെടുത്തു. രണ്ട് വര്‍ഷമായി ചെങ്ങന്നൂരില്‍ താമസിച്ച്‌ ഒരു വീട്ടില്‍ കൃഷിപ്പണി ചെയ്യുകയായിരുന്നെന്ന് ഇയാള്‍ പൊലീസിനോട് സമ്മതിച്ചു. വിവാഹബന്ധം വേര്‍പിരിഞ്ഞു കഴിയുന്ന ഇയാള്‍ക്ക് ഒരു കുട്ടിയുണ്ട്. ഭാര്യയ്ക്കും കുട്ടിക്കും കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ 2000 രൂപ ചെലവിനു നല്‍കുന്നുണ്ട്.

You may also like ....

Leave a Reply

Your email address will not be published. Required fields are marked *