ചൊവ്വാ ദൗത്യത്തില്‍ പങ്കാളിയായി ഇന്ത്യന്‍ വംശജ സ്വാതി മോഹന്‍

നാസയുടെ ചൊവ്വാ ദൗത്യമായ പെഴ്സിവീയറൻസ് റോവർ ചൊവ്വയിൽ ഇറങ്ങിയ സന്തോഷം പങ്കുവെച്ചത് ഇന്ത്യൻ വംശജയായ ഡോക്ടർ സ്വാതി മോഹന്‍. കുട്ടിക്കാലത്ത് സ്റ്റാർ ട്രെക് സീരീസ് കണ്ട് പ്രപഞ്ചരഹസ്യങ്ങൾ കണ്ടെത്തണമെന്ന് വാശിയാണ് സ്വാതിയെ നാസയിലെത്തിച്ചത്. ഏഴ് കൊല്ലം മുമ്പാണ് നാസയുടെ ചൊവ്വാദൗത്യപദ്ധതിയിൽ സ്വാതി മോഹൻ അംഗമാകുന്നത്.

പെർസിവിയറൻസിന്റെ ലാൻഡിങ് സംവിധാനത്തിനാവശ്യമായ് മാർഗനിർദേശത്തിനും നിയന്ത്രണത്തിനും നേതൃത്വം നൽകിയത് സ്വാതി മോഹനാണ്. പേടകം ചൊവ്വാ ഉപരിതലത്തിലിറങ്ങിയപ്പോൾ മറ്റ് ടീമംഗങ്ങളുമായി സംവദിക്കുകയും ജിഎൻ&സി സബ്സിസ്റ്റവുമായുള്ള ഏകോപനം നടത്തിയതും സ്വാതിയായിരുന്നു .ഒരു വയസ് പ്രായമുള്ളപ്പോളാണ് സ്വാതിയുടെ കുടുംബം ഇന്ത്യയിൽ നിന്ന് അമേരിക്കയിലേക്ക് കുടിയേറിയത്. ബംഗളൂരില്‍ വേരുകളുണ്ട് സ്വാതിയുടെ കുടുംബത്തിന്. ബംഗളൂരുവിലാണ് സ്വാതി ജനിച്ചതും. തന്റെ കുടുംബത്തിന് ഇപ്പോഴും ബംഗളൂരുവില്‍ വീടുണ്ടെന്നും മാതാപിതാക്കള്‍ വര്‍ഷത്തിലൊരിക്കലെങ്കിലും അവിടെ ചെലവഴിക്കാറുണ്ടെന്നും സ്വാതി വ്യക്തമാക്കുന്നു.
സ്വാതിയുടെ വിദ്യാഭ്യാസമെല്ലാം അമേരിക്കയിലായിരുന്നു. ഒമ്പത് വയസ് പ്രായമുള്ളപ്പോഴാണ് സ്റ്റാർ ട്രെക് സീരിസിൽ സ്വാതിയ്ക്ക് അതിയായ താത്‌പര്യം ജനിച്ചത്. ബഹിരാകാശത്തെയും ഭൂമിക്കപ്പുറമുള്ള പ്രപഞ്ചത്തേയും ജീവനെ കുറിച്ചുമൊക്കെ കൗതുകം ജനിച്ചത് ആ പ്രായത്തിലായിരുന്നുവെന്നും സ്വാതി പറയുന്നു. നാസയുടെ വിവിധ ദൗത്യങ്ങളിൽ പ്രവർത്തിച്ച ശേഷമാണ് ചൊവ്വയിൽ ജീവൻ തേടിയുള്ള ബഹിരാകാശ ഗവേഷണ കേന്ദ്രത്തിന്റെ ദൗത്യത്തിന് സ്വാതി മോഹൻ നേതൃത്വ പങ്കാളിയാവുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *