കോവിഡ് ലോക്ഡൌണ്‍; ഒരു കുടുംബത്തിലെ നാല് പേരെ ആത്മഹത്യ ചെയ്തു .

പഞ്ചാബിലെ ഫരീദ്കോട്ട് ജില്ലയില്‍ ഒരു കുടുംബത്തിലെ നാല് പേരെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. രണ്ട് കുട്ടികളടക്കമുള്ള കുടുംബത്തെയാണ് തീപ്പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കോവിഡ് ലോക്ഡൌണ്‍ മൂലമാണ് ആത്മഹത്യ ചെയ്യുന്നതെന്ന കുറിപ്പും കണ്ടെത്തി.

ഫരീദ്കോട്ടില്‍ നിന്നും 7 കിലോമീറ്റര്‍ അകലെ കലേര്‍ ഗ്രാമത്തിലുള്ള വീട്ടിലാണ് സംഭവം. ഇഷ്ടിക ചൂളയിലെ സൂപ്പര്‍വൈസറും(40) കുടുംബവുമാണ് ആത്മഹത്യ ചെയ്തത്. സൂപ്പര്‍വൈസറുടെ ഭാര്യ (36) മകള്‍ (15), പത്ത് വയസുകാരനായ മകന്‍ എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കോവിഡ് ലോക്ഡൌണ്‍ മൂലം തങ്ങള്‍ വളരെയധികം ബുദ്ധിമുട്ടിയെന്ന് കാണിച്ച് എഴുതിയ മൂന്ന് പേജുകളുള്ള എല്ലാവരും ഒപ്പിട്ട ഒരു ആത്മഹത്യാ കുറിപ്പും മൃതദേഹങ്ങള്‍ക്ക് സമീപത്ത് നിന്നും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. സംഭവം നടന്നത് ശനിയാഴ്ച പുലര്‍ച്ച് 3.15 ഓടെയാണെന്നും കുറിപ്പില്‍ സൂചിപ്പിക്കുന്നുണ്ട്. ദേഹത്ത് മണ്ണെണ്ണയൊഴിച്ച ശേഷം നാല് മണിയോടെ തീ കൊളുത്തുകയായിരുന്നുവെന്ന് പൊലീസ് സൂപ്രണ്ട് സേവ സിംഗ് മല്‍ഹി പറഞ്ഞു.

ആത്മഹത്യക്ക് മുന്‍പ് സൂപ്പര്‍വൈസര്‍ ഗ്രാമത്തിലുള്ളവര്‍ക്ക് മെസേജ് അയച്ചിരുന്നു. എന്നാല്‍ ഗാഢനിദ്രയുടെ സമയമായതിനാല്‍ ആരും സന്ദേശം കണ്ടില്ലെന്നും പൊലീസ് പറഞ്ഞു. ഫോറന്‍സിക് സംഘം സ്ഥലത്തെത്തിയിട്ടുണ്ട്. കുട്ടികള്‍ ഉറങ്ങിക്കിടന്നപ്പോഴാണോ അതോ ജീവനോടെയാണോ തീ കൊളുത്തിയതെന്ന കാര്യം അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്ന് പൊലീസ് പറഞ്ഞു.

You may also like ....

Leave a Reply

Your email address will not be published. Required fields are marked *