കോവിഡ്: ഇന്‍ഡിഗോ 2400 ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങുന്നു

രാജ്യത്തെ ഏറ്റവും വലിയ എയര്‍ലൈന്‍ കമ്ബനിയായ ഇന്‍ഡിഗോ തങ്ങളുടെ ജീവനക്കാരില്‍ 10 ശതമാനം പേരെ പിരിച്ചുവിടാനൊരുങ്ങുന്നു. വരുമാനത്തില്‍ വന്‍തോതിലുള്ള ഇടിവ് സംഭവിച്ചതിന്റെ പശ്ചാത്തലത്തിലാണ് ഈ പിരിച്ചുവിടല്‍. കോവിഡ് രോഗവ്യാപനം മൂലം വ്യവസായം പ്രതിസന്ധിയിലായതാണ് ഈ നീക്കത്തിനു പിന്നില്‍.

തങ്ങളുടെ ചെലവുകളില്‍ 400 കോടി രൂപയുടെ ചുരുക്കല്‍ വരുത്താന്‍ നിര്‍ബന്ധിതരായിരിക്കുകയാണെന്ന് കമ്ബനി കഴിഞ്ഞമാസം തന്നെ വിശദീകരിച്ചിരുന്നു. കൊറോണ വ്യാപനവുമായി ബന്ധപ്പെട്ടുണ്ടായ യാത്രാ വിലക്കുകളാണ് കമ്ബനിയെ പ്രതിസന്ധിയിലാക്കിയത്. ബിസിനസ് പ്രവര്‍ത്തനങ്ങള്‍ ഈ പ്രതിസന്ധിക്കിടയിലൂടെ നടത്തിക്കൊണ്ടു പോകണമെങ്കില്‍ ഇത്തരം ചില ത്യജിക്കലുകള്‍ അത്യാവശ്യമായിരിക്കുകയാണെന്ന് ഇന്‍ഡിഗോ സിഇഒ റോണോജോയ് ദത്ത പറയുന്നു.
മാര്‍ച്ച്‌ മാസം മുതല്‍ പ്രഖ്യാപിക്കപ്പെട്ട പലതരം യാത്രാനിയന്ത്രണങ്ങളാണ് വിമാനക്കമ്ബനികളെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. ഇപ്പോഴും പൂര്‍ണമായ തോതില്‍ ആഭ്യന്തര സര്‍വീസുകള്‍ പുനരാരംഭിക്കാന്‍ കഴിഞ്ഞിട്ടില്ല. കോവിഡ് രോഗം അതിഭീകരമാം വിധം രാജ്യത്ത് പടര്‍ന്നു പിടിച്ചു കൊണ്ടിരിക്കുന്ന സാഹചര്യവുമുണ്ട്.

നിലവില്‍ 24,000 ജീവനക്കാരാണ് ഇന്‍ഡിഗോയിലുള്ളത്. അതായത് 2400 ജീവനക്കാര്‍ക്ക് തൊഴില്‍ നഷ്ടമാകും.

രാജ്യത്തെ വ്യോമയാന ബിസിനസ്സിന്റെ 48.9 ശതമാനവും കൈയാളുന്നത് ഇന്‍ഡിഗോയാണ്. കഴിഞ്ഞ പത്ത് വര്‍ഷമായി കമ്ബനി ലാഭത്തില്‍ പ്രവര്‍ത്തിച്ചു വരികയുമാണ്.

You may also like ....

Leave a Reply

Your email address will not be published. Required fields are marked *