വിയറ്റ്നാം നഗരത്തിന്റെ മുഴുവന്‍ സൗന്ദര്യവും ആസ്വദിക്കാന്‍ ഒരിടത്തെത്തിയാല്‍ മതി. വിനോദസഞ്ചാര മേഖലയിലെ ഏറ്റവും പുതിയ കൗതുകത്തിന്റെ കാര്യമാണ് പറഞ്ഞ് വരുന്നത്. ഗോള്‍ഡന്‍ ബ്രിഡ്ജ്, മരക്കൂട്ടത്തിനടിയിലൂടെ കടന്നുവരുന്ന രണ്ട് ഭീമാകാരമായ കൈകള്‍ ആ കൈകളിലൊരു പാലം.
പാലത്തില്‍ നിന്നാല്‍ ഇരുവശവും സുന്ദരമായ കാഴ്ചകള്‍. വിയറ്റ്നാമിലെ ഡനാംഗില്‍ ബാ നാ കുന്നുകളിലായി നിര്‍മിച്ചിരിക്കുന്ന ഗോള്‍ഡന്‍ ബ്രിഡ്ജ് സഞ്ചാരികളെ ആകര്‍ഷിക്കുകയാണ്.
കടല്‍ നിരപ്പില്‍ നിന്നും 4,600 അടി ഉയരത്തിലാണ് ഈ പാലം സ്ഥിതി ചെയ്യുന്നത്. എട്ട് ഭാഗങ്ങള്‍ ചേര്‍ത്ത് നിര്‍മ്മിച്ചിരിക്കുന്ന ഈ പാലത്തിന് 500 അടി നീളമാണുള്ളത്. പാലം താങ്ങി നിറുത്തുന്നത് കരിങ്കല്ലിന് സമാനമായ രണ്ട് വലിയ കൈകളാണ്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള നിര്‍മ്മിതിയായാണ് ഈ പാലം കണ്ടാല്‍ തോന്നുന്നത്.
ബാന ഹില്‍സ് റിസോര്‍ട്ടിലെ തേന്‍തായി ഗാര്ഡന് മുകളിലാണ് ഈ പാലം. ഇവിടെ ഫ്രഞ്ച് കോളോണിയല്‍ കാലത്ത് 1919-ല്‍ ഹില്‍ സ്റ്റേഷന് നിര്‍മിച്ചിരുന്നു. ഏറ്റവും നീളം കൂടിയ നോണ്‍സ്റ്റോപ്പ് സിംഗിള്‍ ട്രാക്ക് കേബിള്‍ കാര്‍ ഇവിടെയുണ്ട്. ഇത് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡില്‍ ഇടം നേടിയതാണ്.
രണ്ട് ബില്യണിന്റെ ടൂറിസം പദ്ധതിയുടെ ഭാഗമായാണ് ഈ അദ്ഭുത പാലം ഇവിടെ നിര്‍മ്മിച്ചിരിക്കുന്നത്. എന്നാല്‍ ഈ ഡിസൈനിന്റെ ക്രെഡിറ്റ് ഇതേവരെ ആരും ഏറ്റെടുത്തിട്ടില്ല. എന്നാല്‍, ടിഎ ലാന്‍ഡ് സ്കേപ് കോര്‍പ്പറേഷനാണ് ഇതിന്റെ നിര്‍മ്മാണത്തിന് പിന്നിലെന്നാണ് റിപ്പോര്‍ട്ട്.