കളമശേരി മെഡിക്കല്‍ കോളജിലെ ചികിത്സാ വീഴ്ച; പോലീസ് അന്വേഷണം ആരംഭിച്ചു

കളമശേരി മെഡിക്കല്‍ കോളജില്‍ ഓക്സിജന്‍ കിട്ടാതെ കോവിഡ് രോഗി മരിച്ചെന്ന ആരോപണത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. ചികിത്സ രേഖകള്‍ ഹാജരാക്കാന്‍ ആശുപത്രി അധികൃതര്‍ക്ക് പോലീസ് നിര്‍ദേശം നല്‍കി. ചികിത്സ നല്‍കുന്നതില്‍ വീഴ്ച വന്നിട്ടില്ലെന്ന മെഡിക്കല്‍ കോളജ് സൂപ്രണ്ടിന്റെ റിപ്പോര്‍ട്ട് ഡി.എം.ഇ തളളി. ചികിത്സാപിഴവ് ആരോപിച്ച് പരാതികളുമായി കൂടുതല്‍ പേര്‍ രംഗത്ത് വന്നു.

കോവിഡ് ചികിത്സക്കിടെ കളമശ്ശേരി മെഡിക്കല്‍ കോളജില്‍ വെച്ച് മരിച്ച ഫോര്‍ട്ട് കൊച്ചി സ്വദേശി ഹാരിസിന്‍റ ബന്ധുക്കള്‍ നല്‍കിയ പരാതിയിലാണ് കളമശ്ശേരി പോലീസ് പ്രാഥമിക അന്വേഷണം ആരംഭിച്ചത്. ഇതിന്റെ ഭാഗമായി മൊഴി രേഖപ്പെടുത്തുന്നതിന് വേണ്ടി ഡോക്ടർമാരുടെ ലിസ്റ്റ് കൈമാറാന്‍ പോലീസ് ആവശ്യപ്പെട്ടു. ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സുമാർ അടക്കമുള്ളവരുടെ മൊഴിയും രേഖപ്പെടുത്തും. മെഡിക്കല്‍ കോളജിലെത്തി പരിശോധന നടത്താനും അന്വേഷണ സംഘം തീരുമാനിച്ചിട്ടുണ്ട്.

രോഗി മരിച്ച സംഭവത്തില്‍ വീഴ്ച വന്നിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി ആശുപത്രി സൂപ്രണ്ട് നല്‍കിയ റിപ്പോര്‍ട്ട് മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ തളളി. വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ഡിഎംഇ നിര്‍ദേശിച്ചു. ഡിഎംഇ യുടെ നേതൃത്വത്തില്‍ നോഡല്‍ ഓഫീസര്‍മാരുടേയും നഴ്സിങ് ഓഫീസര്‍മാരുടെയും അടിയന്തര യോഗവും തിരുവനന്തപുരത്ത് ചേര്‍ന്നു. അതേസമയം കളമശ്ശേരി മെഡിക്കല്‍ കോളജിനെതിരെ കൂടുതല്‍ പരാതികള്‍ ഉയര്‍ന്നു. മരിച്ച ഹാരിസിനുവേണ്ടി ശ്വസന സഹായി ഉപകരണം വാങ്ങിയ പണം തിരിച്ച് തരണമെന്ന് മാത്രമാണ് കുടുംബം ആവശ്യപ്പെട്ടതെന്നായിരുന്നു ആശുപത്രിയുടെ വാദം. ഇത് പൂര്‍ണമായി തളളുകയാണ് കുടുംബം.

You may also like ....

Leave a Reply

Your email address will not be published. Required fields are marked *