ഇന്ത്യക്കാരുടെ ആയുര്‍ദൈര്‍ഘ്യം ഉയര്‍ന്നതായി റിപ്പോര്‍ട്ട്;ഏറ്റവും കൂടുതല്‍ കേരളത്തില്‍

ഇന്ത്യക്കാരുടെ ആയുര്‍ദൈര്‍ഘ്യം ഉയര്‍ന്നതായി റിപ്പോര്‍ട്ട്. 1990 മുതലുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ രാജ്യത്തെ ആളുകളുടെ ശരാശരി ആയുസ്സ് പത്ത് വര്‍ഷത്തോളം ഉയര്‍ന്നിട്ടുള്ളതായി കണ്ടെത്തി. 1990ല്‍ 70.8 വയസ്സായിരുന്നു ഇന്ത്യക്കാരുടെ ശരാശരി ആയുസ്സെങ്കില്‍ 2020ല്‍ ഇത് 70.8 വയസ്സാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്. 77.3 വയസ്സാണ് കേരളത്തിലെ ആളുകളുടെ ശരാശരി ആയുസ്സ്.

ഇന്ത്യയില്‍ ആയുര്‍ദൈര്‍ഘ്യം ഉയര്‍ന്നെങ്കിലും ആരോഗ്യകരമായ ജീവിതദൈര്‍ഘ്യമല്ല ഇതെന്ന് ഗവേഷകര്‍ ചൂണ്ടിക്കാട്ടി. പല ആളുകളും അസുഖങ്ങളും അവശതയുമായിട്ടാണ് കൂടുതല്‍ വര്‍ഷങ്ങള്‍ ചിലവഴിക്കുന്നത്. ലോകത്തെ 200ഓളം രാജ്യങ്ങളില്‍ സംഭവിക്കുന്ന മരണം, രോഗം, അപകടം എന്നിവ സംബന്ധിച്ച പുതിയ പഠനത്തിലാണ് വിവരങ്ങള്‍ അടങ്ങിയിട്ടുള്ളത്.
ഇന്ത്യ അടക്കമുള്ള പല രാജ്യങ്ങളിലും പകര്‍ച്ചവ്യാധികള്‍ കുറയുന്നതായി കാണാമെങ്കിലും മാറാരോഗങ്ങള്‍ കൂടുതല്‍ പിടിമുറുക്കിയതായി പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്. കൂടുതല്‍ ആളുകളെ ബാധിക്കുന്ന രോഗങ്ങളില്‍ അഞ്ചാമതായിരുന്ന ഹൃദ്രോഗം ഇപ്പോള്‍ ഒന്നാമതാണ്. ക്യാന്‍സര്‍ ബാധിതരുടെ എണ്ണവും വര്‍ദ്ധിക്കുന്നുണ്ട്.ഇന്ത്യയില്‍ 58 ശതമാനം അസുഖങ്ങളും സാംക്രമികേതര രോഗങ്ങള്‍ മൂലമുണ്ടാകുന്നതാണ്. 1990ല്‍ ഇത് 29 ശതമാനം മാത്രമായിരുന്നു. ഇതേ രോഗകാരണം മൂലമുള്ള അകാല മരണം ഇരട്ടിച്ചതായും കാണാം. 22ല്‍ നിന്ന് 50 ശതമാനത്തിലേക്കാണ് ഇത് ഉയര്‍ന്നത്. അതേസമയം ഇന്ത്യയിലെ മാതൃമരണ നിരക്ക് കുറയുന്നതായി കണ്ടെത്തിയിട്ടുണ്ട്.

30 വര്‍ഷമായി ഇന്ത്യക്കാരുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നത് ഹൃദ്രോഗം, വിട്ടുമാറാത്ത ശ്വാസകോശ അസ്വസ്ഥതകള്‍, പ്രമേഹം, സ്‌ട്രോക്ക് തുടങ്ങിയ രോഗങ്ങളാണ്. കഴിഞ്ഞ വര്‍ഷം നടന്ന പഠനത്തില്‍ ഇന്ത്യയില്‍ ആളുകള്‍ മരിക്കാനുള്ള അഞ്ച് പ്രധാന കാരണങ്ങളായി കണ്ടെത്തിയത് വായൂമലിനീകരണം, രക്തസമ്മര്‍ദ്ദം, പുകവലി, തെറ്റായ ഭക്ഷണക്രമം, പ്രമേഹം എന്നിവയാണ്. ഇന്ത്യയില്‍ ആയുര്‍ദൈര്‍ഘ്യം ഏറ്റവും കുറവുള്ള സംസ്ഥാനം യുപി ആണ്. 66.9 ആണ് ഇവിടുത്തെ ആളുകളുടെ ശരാശരി ആയുസ്സ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *