ഇനി ഉള്ള മൂന്ന് മാസങ്ങൾ കോവിഡ് പ്രതിരോധത്തിന് രാജ്യത്തിന്റെ നിർണ്ണായക നിമിഷങ്ങൾ;കേന്ദ്ര ആരോഗ്യ മന്ത്രി

ഇനി വരാനിരിക്കുന്ന മൂന്ന് മാസങ്ങള്‍ രാജ്യത്ത് കൊറോണ വൈറസ് വ്യാപനത്തിന്‍റെ ഗതി നിര്‍ണയിക്കുന്നതില്‍ നിര്‍ണായകമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍. അതുകൊണ്ടുതന്നെ ജനങ്ങളെല്ലാവരും കോവിഡ് മാനദണ്ഡങ്ങളെല്ലാം പാലിക്കുകയും പ്രതിരോധ സംവിധാനങ്ങള്‍ പിന്തുടരുകയും ചെയ്യണമെന്ന് അദ്ദേഹം പറഞ്ഞു. ഉത്സവകാലങ്ങളും ശൈത്യകാലവും ഒരുമിച്ചു വരുന്നതിനാല്‍ വൈറസിന്‍റെ വ്യാപനത്തെ തടയുന്നതില്‍ ഓരോരുത്തരും ജാഗരൂകരാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നിലവില്‍ രാജ്യത്തെ രോഗികളുടെ എണ്ണം ഏഴു ലക്ഷത്തില്‍ താഴെ മാത്രമാണ്. രോഗികളുടെ എണ്ണം ഇരട്ടിക്കുന്നത് 97.2 ദിവസങ്ങള്‍ക്കിടയിലായി ഉയര്‍ന്നിട്ടുണ്ടെന്നും ആരോഗ്യമന്ത്രി പറയുന്നു. കഴിഞ്ഞ മൂന്ന് മാസത്തിനിടെ കോവിഡ് പ്രതിരോധത്തില്‍ മികച്ച പുരോഗതി നേടാനായി. പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം 95000 ല്‍ നിന്ന് 55000 ലേക്ക് എത്തി. രോഗമുക്തി നിരക്ക് 90 ശതമാനമായി. കോവിഡ് മരണനിരക്ക് 1.51 ല്‍ നിന്ന് 1 ശതമാനമായി കുറഞ്ഞു- ഒരു പ്രസ്താവനയില്‍ മന്ത്രി പറഞ്ഞു.

കോവിഡ് പരിശോധനകള്‍ക്കായി ഒരു ലാബ് എന്ന അവസ്ഥയില്‍ നിന്ന് രാജ്യത്ത് 2000 ലാബുകളിലാണ് ഇപ്പോള്‍ കോവിഡ് പരിശോധന നടത്തുന്നത്. രാജ്യം കോവിഡ് പ്രതിരോധത്തില്‍ ശരിയായ പാതയിലാണെന്നാണ് ഈ റിപ്പോര്‍ട്ടുകള്‍ തെളിയിക്കുന്നതെന്നും ഹര്‍ഷവര്‍ധന്‍ പറഞ്ഞു.

പക്ഷേ, ഇതേ ജാഗ്രത വരും മാസങ്ങളിലും ഉണ്ടാവണം. ശൈത്യകാലവും ഉത്സവങ്ങളുടെ സമയവുമാണ് വരാനിരിക്കുന്നത്. രാജ്യത്തെ കോവിഡ് വ്യാപനം തടയുന്നതിന് ഈ കാലത്ത് ജനങ്ങള്‍ കാണിക്കുന്ന ശ്രദ്ധ ഒന്നുമാത്രമായിരിക്കും പ്രതിരോധം തീര്‍ക്കുകയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

You may also like ....

Leave a Reply

Your email address will not be published. Required fields are marked *