ഇടുക്കി ഡാമിലെ ജലനിരപ്പ് അഞ്ച് അടി കൂടി ഉയര്‍ന്നാല്‍ ഡാം തുറക്കേണ്ടിവരും

ഇടുക്കി ഡാമിലെ ജലനിരപ്പ് 2393 അടി കടന്നു. അഞ്ച് അടി കൂടി ഉയര്‍ന്നാല്‍ ഡാം തുറക്കേണ്ടിവരും. ജലനിരപ്പ് ക്രമീകരിക്കുന്നതിനായി വൈദ്യുതി ഉല്‍പാദനം കൂട്ടിയിട്ടുണ്ട്. അതേസമയം അവസാന നിമിഷം കൂടുതല്‍ വെള്ളം തുറന്ന് വിടുന്നത് ഒഴിവാക്കാന്‍ ഇപ്പോള്‍ തന്നെ ഡാം തുറക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.

2393.22 അടിയാണ് ബ്ലു അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന ഇടുക്കി ഡാമിലെ നിലവിലെ ജലനിരപ്പ്. കഴിഞ്ഞ മൂന്ന് ദിവസത്തിനിടയില്‍ രണ്ട് അടി വര്‍ദ്ധിച്ചു. നിലവിലെ റൂള്‍ ലെവല്‍ പ്രകാരം മൂന്ന് അടി കൂടി ഉയര്‍ന്നാല്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിക്കും. അഞ്ച് അടി കൂടി ഉയര്‍ന്ന് 2398.85 അടിയിലെത്തിയാല്‍ ഡാം തുറക്കേണ്ടിവരും.

92 ശതമാനത്തിലേറെ നിറഞ്ഞ അണക്കെട്ടിൽ ഇനിയും വെള്ളം സംഭരിക്കുന്നത് അപകടകരമാണെന്നാണ് ആ മേഖലയിലെ വ്യാപാരികളുടെ നിലപാട്. ന്യൂനമർദ്ദം വലിയ മഴയ്ക്ക് വഴിയൊരുക്കിയാൽ കൂടിയ അളവിൽ വെള്ളം തുറന്ന് വിടേണ്ട സാഹചര്യം ഉണ്ടാക്കും. കുറഞ്ഞ അളവിൽ വെള്ളം തുറന്ന് വിട്ടാൽ പ്രദേശത്ത് പ്രളയം ഉണ്ടാകുന്നത് ഒഴിവാക്കാം. അണക്കെട്ട് തുറക്കുന്നതിന്റെ പേരിൽ ചെറുതോണി ഉൾപ്പെടെയുള്ള വ്യാപാര മേഖലകളിലെ കടകൾ അടച്ചിടുന്നതും ഒഴിവാകും.

അതേസമയം മഴയുടെ ശക്തി കുറഞ്ഞതിനാൽ നിലവിൽ പ്രതിസന്ധിയില്ലെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ വിലയിരുത്തല്‍. ശരാശരി 30 മില്ലീമീറ്റർ മഴയാണ് അണക്കെട്ടിൻറെ വൃഷ്ടിപ്രദേശത്ത് ലഭിക്കുന്നത്. മഴകുറഞ്ഞിട്ടും നീരൊഴുക്ക് ശക്തമായി തുടരുന്നതിനാൽ മൂലമറ്റം വൈദ്യുതി നിലയിത്തിലെ ഉൽപാദനം ആറ് ദശലക്ഷം യൂണിറ്റായി ഉയർത്തിയിട്ടുണ്ട്. മുൻകരുതൽ നടപടികളുടെ ഭാഗമായി ചെറിയ അണക്കെട്ടുകളായ പൊന്മുടി, കല്ലാർകുട്ടി, പാംബ്ല, മലങ്കര എന്നിവ തുറന്ന് വിട്ടിരിക്കുകയാണ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *