ആകാശം തൊടാനൊരു യാത്ര..

നിങ്ങളുടെ സ്വപ്നങ്ങളിലുണ്ടോ മേഘങ്ങളോട് ചേർന്നുനിന്ന് മനംകുളിരുന്നത്, ആകാശം തൊടാനൊരു യാത്ര പോകുന്നത്? അങ്ങനെയൊരാഗ്രഹമുണ്ടെങ്കിൽ പോകാനൊരിടമുണ്ട്‌ നമ്മുടെ നാട്ടിൽ, പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിലെ കൈപ്പള്ളി മുതുകോരമല.

അൽപ്പം സാഹസികതയും മനംനിറയ്ക്കുന്ന കാഴ്ചകളും ആഗ്രഹിക്കുന്നവർക്കായി മുതുകോര കാത്തുവച്ചിരിക്കുന്നത് ഒരായിരം വിസ്മയക്കാഴ്ചകൾ. പേരുപോലെ തന്നെ ഇതൊരു മുതുകോരയാണേ… അധികമാർക്കും കീഴ്പ്പെടാതെ നാലുദിക്കും കാണുമാറ് ശിരസുയർത്തി നിൽക്കുകയാണ് മുതുകോര. എളുപ്പത്തിൽ മേഘക്കൂട്ടങ്ങളെ കാണാമെന്ന് വിചാരിക്കരുത്. മുതുകോരയിലെത്തണമെങ്കിൽ പൂഞ്ഞാറിൽനിന്ന് എട്ട്‌ കിലോമീറ്റർ ദൂരമുണ്ട്‌ കൈപ്പള്ളിക്ക്. കെഎസ്ആർടിസി ബസ്‌ മാത്രം സർവീസ് നടത്തുന്ന റൂട്ടിൽ മലനിരകൾക്കിടയിലൂടെയുള്ള ആനവണ്ടി യാത്രയും നവ്യാനുഭവമാകും.

കൈപ്പള്ളിയിൽനിന്ന് കപ്ലങ്ങാട് വഴി മലയുടെ അടിഭാഗം വരെ റോഡുണ്ട്. പിന്നെ കുത്തനെയുള്ള മലകയറി തുടങ്ങാം. ചെങ്കുത്തായ പാറക്കൂട്ടങ്ങൾക്കിടയിലൂടെ വലിഞ്ഞുകയറിയും നിരങ്ങിയിറങ്ങിയും ഒരാൾപ്പൊക്കത്തിന് മുകളിൽ നിൽക്കുന്ന പോതപ്പുല്ലുകൾ വകഞ്ഞുമാറ്റിയുമുള്ള യാത്ര. അപൂർവ സസ്യങ്ങളും പൂക്കൾക്കുമിടയിലൂടെയുള്ള യാത്രതന്നെ പ്രകൃതിയൊരുക്കുന്ന അവിസ്മരണീയ വിരുന്നാണ്. മലമുകളിലും ഇത്തരം വിസ്മയങ്ങളുണ്ട്. ഒറ്റയടി പാതയിലൂടെ ലക്ഷ്യത്തിലേക്ക് അടുക്കുംതോറും മുന്നിൽ കയറുന്നയാളുടെ കാൽ, നമ്മുടെ മൂക്കിൽ മുട്ടുന്ന അനുഭവം.

You may also like ....

Leave a Reply

Your email address will not be published. Required fields are marked *