അവൾ മരിച്ചിട്ടില്ല, തല ഉയർത്തി തന്നെ ഇവിടെ ജീവിക്കുന്നു: ഡബ്ല്യു.സി.സി

നടി ഭാവനയെ കുറിച്ചുള്ള ഇടവേള ബാബുവിന്‍റെ പരാമര്‍ശത്തിനെതിരെ സിനിമയിലെ വനിതാ കൂട്ടായ്മയായ ഡബ്ല്യു.സി.സി. നിങ്ങളുടെ സ്ത്രീവിരുദ്ധ അലിഖിത നിയമങ്ങൾ അംഗീകരിക്കാത്തവരെല്ലാം സിനിമക്ക് പുറത്താണ് എന്നും അവരെയെല്ലാം മരിച്ചവരായി കാണുന്നു എന്നും എ.എം.എം.എ തുറന്നു സമ്മതിക്കുകയാണ് ചെയ്തത്. ലിംഗസമത്വം എന്ന സ്വപ്നം ഒരിക്കലും സംഭവിക്കാത്ത ഒരിടമായി മലയാള സിനിമയെ മാറ്റുന്നതിൽ ഈ സംഘടനയുടെ സെക്രട്ടറി ഇടവേള ബാബുവും എ എം എം എ എന്ന സംഘടനയും ഒരു പോലെ മൽസരിക്കുകയാണ്. മലയാള സ്ത്രീ ചരിത്രത്തിൽ നിർണ്ണായകമായ ഒരു പോരാട്ടത്തിൽ ഉറച്ചു നിൽക്കുന്നവളെ മരിച്ചവരോട് ഉപമിച്ച സെക്രട്ടറിയുടെ പരാമർശം ആ സംഘടനയുടെ സ്ത്രീവിരുദ്ധതയെ പൂർണമായും വെളിവാക്കുന്നതായിരുന്നുവെന്നും ഡബ്ല്യു.സി.സി വിമര്‍ശിച്ചു.

ചിതലരിച്ചതും സ്ത്രീവിരുദ്ധവുമായ ഈ മനോഭാവത്തിൽ പ്രതിഷേധിച്ചാണ് പാർവ്വതി തിരുവോത്ത് സംഘടനയില്‍ നിന്ന് രാജിവെച്ചത്. ആക്രമിക്കപ്പെട്ട നടിയെ വീണ്ടും ക്രൂരമായി പൊതു മദ്ധ്യത്തിൽ വലിച്ചിഴക്കുകയും സഹപ്രവർത്തകനായിരുന്ന കുറ്റാരോപിതനുമായി ചേർത്ത് പല തരത്തിലുള്ള ദുസ്സൂചനകൾ നൽകുകയുമാണ് സെക്രട്ടറി ചെയ്തത്. അവളെ ഇല്ലാതാക്കാൻ നിങ്ങൾക്കാവില്ല. അവൾ ജീവിച്ചിരിക്കുക തന്നെ ചെയ്യും. ഈ നിയമ യുദ്ധത്തിൽ പോരാടാനുള്ള ശക്തി പകർന്നു കൊണ്ട് കൂടെ തന്നെ ഉണ്ടാവുമെന്നും ഡബ്ല്യു.സി.സി വ്യക്തമാക്കി.

You may also like ....

Leave a Reply

Your email address will not be published. Required fields are marked *