അടിയന്തരമായി 50 ലക്ഷം വാക്‌സിന്‍ വേണം; സര്‍ക്കാര്‍ പറഞ്ഞ നിബന്ധന ജനങ്ങള്‍ പാലിച്ചാല്‍ വലിയ കുഴപ്പങ്ങളുണ്ടാകില്ലെന്ന് ആരോഗ്യമന്ത്രി

കേരളത്തില്‍ കൊവിഡ് പരിശോധന കൂട്ടിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. സംസ്ഥാനത്തേക്ക് കൂടുതല്‍ കൊവിഡ് വാക്‌സിന്‍ ആവശ്യമാണ്. കൊവിഡ് വ്യാപനത്തില്‍ കേരളത്തില്‍ വലിയ വര്‍ദ്ധനയാണ് ഉണ്ടായിരിക്കുന്നത്. തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുമായി നേരിട്ട് ബന്ധപ്പെട്ടവരെയെല്ലാം കൊവിഡ് പരിശോധനയ്‌ക്ക് വിധേയരാക്കുമെന്നും മന്ത്രി പറഞ്ഞു.

കേരളത്തില്‍ പതിനൊന്ന് ശതമാനം പേര്‍ക്ക് മാത്രമാണ് കൊവിഡ് വന്നത്. എന്നാല്‍ തരംഗമുണ്ടായാല്‍ ബാക്കിയുളളവര്‍ക്കും വരും. ഇത് ചെറുക്കാനായി ബ്രേക്ക് ദി ചെയിന്‍ ക്യാമ്ബയിനിലേക്ക് വീണ്ടും കടക്കുകയാണ്. മറ്റ് സംസ്ഥാനങ്ങളുമായി പരിശോധിക്കുമ്ബോള്‍ മികച്ച രീതിയിലാണ് കേരളത്തില്‍ വാക്‌സിനേഷന്‍ നടപ്പാക്കുന്നത്. ഇനി അഞ്ച് ലക്ഷത്തോളം വാക്‌സിന്‍ മാത്രമാണ് ബാക്കിയുളളത്. അടിയന്തരമായി അമ്ബത് ലക്ഷം വാ‌ക്‌സിന്‍ കേന്ദ്രത്തില്‍ നിന്ന് കേരളത്തിന് കിട്ടണം. എന്നാല്‍ മാത്രമേ മാസ് വാക്‌സിനേഷന്‍ ക്യാമ്ബയിന്‍ വിജയിക്കുകയുളളൂവെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.

കൊവിഷീല്‍ഡും കൊവാക്‌സിനും തുല്യമായി നല്‍കണമെന്നാണ് കേന്ദ്രത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്. വലിയ തോതില്‍ കേസുകള്‍ വര്‍ദ്ധിച്ചാല്‍ ഓക്‌സിജന്‍ ക്ഷാമം സംസ്ഥാനത്തുണ്ടാകും. മരുന്ന് ക്ഷാമമില്ലാതെ നോക്കേണ്ടത് കേന്ദ്രസര്‍ക്കാരാണ്. എല്ലാവരുടേയും സഹകരണം കൊവിഡ് പ്രതിരോധത്തില്‍ ആവശ്യമാണ്. ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചാല്‍ കൊവിഡ് കേസുകള്‍ ഉയരുന്നത് താഴേയ്‌ക്ക് കൊണ്ടുവരാനാകും.

കേരളത്തില്‍ മരണനിരക്ക് ഉയര്‍ന്നിട്ടില്ല. എന്നാല്‍ മറ്റ് സംസ്ഥാനങ്ങളില്‍ മരണനിരക്ക് വര്‍ദ്ധിക്കുകയാണ്. കേന്ദ്രം വാക്‌സിന്‍ തന്നില്ലെങ്കില്‍ വാക്‌സിനേഷന്‍ മുടങ്ങും. സര്‍ക്കാര്‍ പറഞ്ഞ നിബന്ധന ജനങ്ങള്‍ പാലിച്ചാല്‍ വലിയ കുഴപ്പങ്ങളുണ്ടാകില്ല. കൊവിഡ് കേസുകളുടെ വര്‍ദ്ധനവ് കുറയ്‌ക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. അന്തര്‍ സംസ്ഥാന യാത്ര കേന്ദ്രം നിരോധിക്കാത്തിടത്തോളം കാലം സംസ്ഥാനം നിയന്ത്രണം ഏര്‍പ്പെടുത്തില്ലെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

You may also like ....

Leave a Reply

Your email address will not be published. Required fields are marked *